മൂഴിക്കൽ : വനാതിർത്തിയോട് ചേർന്ന ട്രൈബൽ സെറ്റിൽമെന്റ് ഗ്രാമങ്ങളിലും, കർഷക മേഖലകളിലും അതിരൂക്ഷമായ വന്യമൃഗ ആക്രമണത്തിനെതിരെ ഐക്യ മല അരയ മഹാസഭ പ്രക്ഷോഭപരമ്പര ആരംഭിച്ചു. മല അരയ സമുദായത്തിന്റെ മകരവിളക്ക് അവകാശത്തിനായി സംരക്ഷിച്ചിരിക്കുന്ന പ്രതീകാത്മക കെടാവിളക്കിൽ നിന്നും ദീപം പകർന്ന് ദീപശിഖയുമായി നൂറ് കണക്കിന് ആളുകൾ മൂഴിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് സമരം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കോരുത്തോട് കരയോഗം പ്രസിഡന്റ് വേണുക്കുട്ടൻ നായർ, വിവിധ കർഷക സംഘടന നേതാക്കളായ സണ്ണി വെട്ടുകല്ലേൽ , വിദ്യാധരൻ കൊച്ചു പറമ്പിൽ, ശ്രീശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വീ.ജി. ഹരീഷ്കുമാർ, മല അരയ മഹാസഭ സംസ്ഥാന കമ്മറ്റി അംഗം കെ.കെ. സനൽകുമാർ , ബിന്ദു രാജൻ, വന്യമൃഗ ആക്രമണം നേരിട്ട മോഹനദാസ് കോച്ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു.