road

കോട്ടയം. നഗരത്തിൽ കിഫ്ബി കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ രണ്ടാഴ്ച കൊണ്ട് പൂർവസ്ഥിതിയിലാക്കുമെന്ന, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റി​ന്റെ പ്രഖ്യാപനം പാഴായി. ദേവലോകം, മുട്ടമ്പലം, ഈരയിൽ കടവ് റോഡുകൾ ഒക്ടോബർ 15നാണ് മന്ത്രി സന്ദർശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകൾ പുനർ നിർമ്മിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ റോഡിലെ കുഴികളടച്ച് സഞ്ചാരയോ​ഗ്യമാക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാ​ഗത്തുനിന്നു തുടങ്ങിയിട്ടില്ല. കഞ്ഞിക്കുഴി - ദേവലോകം - കൊല്ലാട് റോഡിലെ ചില ഭാഗങ്ങൾ മാത്രം പേരിനുവേണ്ടിയെന്ന പോലെ ടാർ ചെയ്തു. മറ്റു കുഴികളിൽ മെറ്റിൽ നിരത്തിയെങ്കിലും കനത്ത മഴയിൽ ഇത് റോഡിലാകെ പരന്ന നിലയിലാണ്. കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഇതിപ്പോൾ ഒരുപോലെ ഭീഷണിയാകുന്നു.

കഞ്ഞിക്കുഴി - ദേവലോകം റോഡ്

പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ കഴിഞ്ഞെങ്കിലും റോഡി​ന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ ഉന്നതനിലവാരത്തിൽ നവീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുടെ വസതി, ജില്ലാ പൊലീസ് മേധാവിയുടെ വസതി, ഇതര തർക്ക പരിഹാര കേന്ദ്രം, ജില്ലാ പൊലീസ് കമാൻഡ് കൺട്രോൾ സെൽ, ​ഗവ. യു.പി സ്കൂൾ, ദേവലോകം അരമന, പി.എസ്.സി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റോഡിലാണ് ഈ കുഴികൾ. ആയിരക്കണക്കിന് വാഹനങ്ങളാണ് ഒരു ദിവസം ഇതുവഴിപോകുന്നത്. റോഡ് ഒരേ നിരപ്പല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈരയിൽ കടവ് - മുട്ടമ്പലം റോഡ്

ഈരയിൽ കടവ് - മുട്ടമ്പലം റോഡിലെ കുഴികളിൽ വെള്ളം നിറയുമ്പോൾ യാത്രക്കാർ ഇതുവഴി പോകാൻ ഭയക്കും. പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് ഇതുവരെയും പൂർവസ്ഥിതിയിലാക്കിയില്ല. കളക്ടറേറ്റിലേക്ക് പോകുന്ന റോഡിലൂടെ ഇപ്പോൾ ഓട്ടോറിക്ഷ പോലും പോകാറില്ല. മഴയിൽ മണ്ണൊലിച്ചുപോയി ​ഗർത്തങ്ങൾ രൂപപ്പെട്ടു. ന​ഗരത്തിൽ ​ഗതാ​ഗതകുരുക്ക് ഉണ്ടാവുമ്പോൾ നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്. കുട്ടികളുടെ പാർക്കും ഇവിടെയാണ്.

ഓട്ടോ ഡ്രൈവർ ഷാജഹാൻ പറയുന്നു.

ഇതുവഴി വാഹനം ഓടിക്കാൻ ബുദ്ധിമുട്ടാണ്. ഒരു വർഷമായി റോഡ് ഈ അവസ്ഥയിലാണ്. യാത്രാദുരിതം പൊതുമരാമത്ത് – ജലസേചന വകുപ്പുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.

ചുമട്ടുതൊഴിലാളി സത്യൻ പറയുന്നു.

ഈരയിൽ കടവ് - മുട്ടമ്പലം റോഡിൽ ഇരുചക്രവാഹനയാത്രക്കാർ സ്ഥിരം അപകടത്തിൽ പെടുന്നുണ്ട്. എന്നാൽ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ആരും ശ്രമിക്കുന്നില്ല .