മോനിപ്പള്ളി:ഉഴവൂർ ഗ്രാമപഞ്ചായത്തിലുള്ള മോനിപ്പള്ളി ആച്ചിക്കൽ ഐ.എച്ച്.ഡി.പി കോളനിയുടെ അടിസ്ഥാന ഭൗതിക സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആച്ചിക്കൽ കോളനിയിൽ നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയത്. റോഡ് നവീകരണം, കുടിവെള ലഭ്യത ഉറപ്പു വരുത്തൽ ,വീടുകളുടെ പുനരുദ്ധാരണം,സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ ,കളിസ്ഥല രൂപീകരണം,സാംസ്‌കാരിക കേന്ദ്രം വായനശാല എന്നിവയുടെ നിർമ്മാണം സ്ത്രീ ശാക്തീകരണം തൊഴിൽദാന യൂണിറ്റുകൾ രൂപീകരിക്കൽ ,സംരക്ഷണഭിത്തി നടപ്പാത നിർമ്മാണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. വികസനയോഗത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഇൻ ചാർജ് ഡോ: സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ടി സുരേഷ്, ശ്രീനി തങ്കപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് വടക്കേൽ, മുൻ മെമ്പർ ജോയി അഞ്ചാംതടം, ബ്ലോക്ക് പട്ടിക ജാതി ഓഫീസർ പ്രേം രാജ് നിർമ്മിതി കേന്ദ്രം ജില്ലാ ഓഫീസർ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.