രാമപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ രാമപുരം ടൗണിലെ മുഴുവൻ കടകളിലും പൊതുജനങ്ങൾക്കും ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. മൂവായിരത്തോളം ലഘുലേഖകളാണ് കുട്ടികൾ വിതരണം ചെയ്തത്. കുട്ടികൾ തയാറാക്കിയ ലഹരി വിരുദ്ധ ചിത്രങ്ങളുടെ പ്രകാശനകർമ്മവും നടന്നു. സ്‌കൂൾ പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും തീർത്തു. രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പെരുക്കോട്ട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ സാബു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പിൽ, ഫാ. ജോമോൻ പറമ്പിത്തടത്തിൽ, സിസ്റ്റർ ജ്യോതിസ്, റവ. ഫാ. ബോബി മാത്യു, ജൂലി ഇഗ്‌നേഷ്യസ്, നിജോമി പി. ജോസ്, ദിനേശ് സെബാസ്റ്റ്യൻ, റോജിൻ തോമസ്, ബോബി വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി.