കടപ്പാട്ടൂർ ബൈപ്പാസിൽ തെരുവുവിളക്ക് സ്ഥാപിക്കാത്തതിനെതിരെ പ്രക്ഷോഭം വരുന്നു

പാലാ: ശബരിമല സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം. കടപ്പാട്ടൂരിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പൻമാരെ ദ്രോഹിക്കാനാണോ കെ.എസ്.ഇ.ബി.യുടെ തീരുമാനം... അതങ്ങ് മനസിൽ വച്ചാൽ മതി; കടപ്പാട്ടൂർ ബൈപാസിലെ തെരുവ് വിളക്ക് തെളിക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകിക്കാത്തപക്ഷം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ മുന്നറിയിപ്പ് നൽകുന്നു.

കടുത്ത തീരുമാനമെടുക്കാൻ ജോസ്‌മോനെ നിർബന്ധിതനാക്കുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത് കെ.എസ്.ഇ.ബി.ക്കാർ തന്നെയാണ്.

കടപ്പാട്ടൂർ പന്ത്രണ്ടാംമൈൽ ബൈപ്പാസിൽ മുത്തോലി പഞ്ചായത്തിന്റെ പരിധിയിൽവരുന്ന ഒന്നരകിലോമീറ്റർ ദൂരം പോസ്റ്റ് സ്ഥാപിച്ച് ഇലക്ട്രിക് ലൈൻ വലിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 7 ലക്ഷം രൂപ വൈദ്യുതി ബോർഡ് പാലാ സെക്ഷൻ ഓഫീസിൽ ജില്ലാ പഞ്ചായത്ത് നിക്ഷേപിച്ചിട്ട് 10 മാസം കഴിഞ്ഞു.

എന്നിട്ടും പോസ്റ്റ് സ്ഥാപിക്കാനോ ലൈൻ വലിക്കാനോ യാതൊരു നടപടിയും കെ.എസ്.ഇ.ബി സ്വീകരിക്കാത്തതാണ് ജില്ലാ പഞ്ചായത്തംഗത്തെ പ്രകോപിപ്പിക്കുന്നത്. മണ്ഡലകാലത്തിനുമുമ്പ് ലൈൻ വലിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇലക്ട്രിസിറ്റി ഓഫീസ് ഉപരോധം ഉൾപ്പടെയുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കുമെന്ന് ജോസ്‌മോൻ പറയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അഡ്വാൻസായി പണം നിക്ഷേപിക്കുന്ന പദ്ധതികൾ പണം അടച്ച് മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നാണ് നിബന്ധന. എന്നിട്ടും കടപ്പാട്ടൂർ ബൈപ്പാസ് റോഡിൽ 10 മാസം മുമ്പ് പണമടച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് വൈദ്യുതി വകുപ്പിന്റെ കടുത്ത അനാസ്ഥയാണെന്ന് യു.ഡി.എഫ് മുത്തോലി മണ്ഡലം കമ്മറ്റിയും ആരോപിച്ചു.

കടപ്പാട്ടൂർ ബൈപ്പാസിൽ തെരുവുവിളക്കുകൾ ഇല്ലാത്തതുമൂലം സാമൂഹികവിരുദ്ധശല്യം പതിവാണ്.

ഇനി സമരം

രണ്ടാഴ്ചയ്ക്കുള്ളിൽ ലൈൻ വലിക്കുന്ന നടപടികൾ ആരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്താൻ യു.ഡി.എഫ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോസ്‌മോൻ മുണ്ടയ്ക്കൽ, സന്തോഷ് കാവുകാട്ട്, പുത്തൂർ പരമേശ്വരൻ നായർ, സെബാസ്റ്റ്യൻ ഗണപതിപ്ലാക്കൽ, സജി ഓലിക്കര, ഹരിദാസ് അടമത്തറ, പഞ്ചായത്ത് മെമ്പർമാരായ ഫിലോമിന ഫിലിപ്പ്, ആര്യാ സബിൻ, കെ.സി മാത്യു കേളപ്പനാൽ, കുര്യാക്കോസ് മണിക്കൊമ്പിൽ, തങ്കച്ചൻ മണ്ണുകശ്ശേരിൽ, ബിബിൻ രാജ്, റെജി തലക്കുളം, അനിൽ മാധവപ്പള്ളി, ദിനേശ് മുന്നകര, സോജൻ വാരപ്പറമ്പിൽ, വൈശാഖ് പള്ളിയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.