കുറിച്ചി : പ്രശസ്ത കായികതാരം അഞ്ജു ബോബി ജോർജ്ജിന്റെ പേരിലുള്ള റോഡാണ് പക്ഷെ കിടക്കണ കിടപ്പ് കണ്ടാൽ ആരും സഹിക്കില്ല. നിറയെ പാതാളക്കിടങ്ങുകൾ മാത്രം, മഴ പെയ്തതോടെ ചെളിക്കുഴിയും. ഒരു നാടിന്റെ യാത്രാ മാർഗം അടഞ്ഞിട്ടും അധികൃതർക്ക് കുലുക്കമില്ല. ചീരഞ്ചിറ - കുരട്ടിമല റോഡ് യാത്രക്കാർക്ക് സമ്മാനിക്കുന്നത് തീരാദുരിതമാണ്. കുറിച്ചി - വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന റോഡിലൂടെ തിരക്കൊഴിവാക്കി നാലുംന്നാക്കൽ, തെങ്ങണ പ്രദേശങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയും. എന്നാൽ ഇരുഗ്രാമപഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന കുരട്ടിമല പ്രദേശത്ത് ഏകദേശം 200 മീറ്ററോളം ഭാഗം പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാതായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.
ടാറിംഗ് പൂർണ്ണമായും ഇളകിമാറി കൂറ്റൻ കരിങ്കല്ലുകൾ മാത്രമാണുള്ളത്. കാൽനടയാത്രക്കാർ തെന്നിവീഴുന്നത് നിത്യസംഭവമാണ്. ഓട്ടം വിളിച്ചാൽ ആരും വരാതായി. ഇരുചക്ര വാഹന യാത്രക്കാർ ഓടയിൽ മറിഞ്ഞുവീഴാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.
രാത്രി യാത്ര ദുഷ്ക്കരം
രാത്രി യാത്ര കൂടുതൽ ദുഷ്‌കരമാണ്. വഴിവിളക്കുകൾ പ്രകാശിക്കാത്തതും റോഡിന്റെ ഇരുവശങ്ങളിൽ കാടു വളർന്നു നിൽക്കുന്നതും ഭീകരത വർദ്ധിപ്പിക്കുന്നു. വെള്ളം കെട്ടിക്കിടന്ന് വലിയ കുളമായി മാറിയ റോഡ് ഒരു കൺസ്ട്രക്ഷൻ കമ്പനി ഇടപെട്ട് മക്കിറക്കിയാണ് കുറച്ചെങ്കിലും സഞ്ചാരയോഗ്യമാക്കിയത്.
ഫണ്ട് അനുവദിച്ചത് പ്രസ്താവനയിൽ മാത്രം
റോഡ് നവീകരണത്തിനായി എം.എൽ.എ. ഫണ്ട് അനുവദിച്ചെന്നും ഉടൻപണികൾ ആരംഭിക്കുമെന്നും അറിയിച്ചെങ്കിലും ഒരു വർഷമായിട്ടും റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല. എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്കയും ആവലാതികളും കേൾക്കണമെന്നും റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.