പാലാ: ഇടമറ്റത്ത് യുവാവ് കല്ലേറ് കൊണ്ട് മരിച്ച കേസിലെ ഒന്നാം സാക്ഷിയെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മദ്യപാനത്തിനിടയിൽ കുന്നുംപുറത്ത് ബിനു മരിച്ച സംഭവത്തിലെ ഒന്നാം സാക്ഷി പൈക രാജീവ് ഗാന്ധി കോളനിയിൽ 'അപ്പ' എന്ന് വിളിക്കുന്ന തോമസ് മൈക്കിളിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറെ ദിവസങ്ങളായി ഇയാളെ കാണ്മാനില്ലായിരുന്നു.

അതേ സമയം ഇയാൾ കേസിലെ പ്രതിയാണെന്ന മട്ടിൽ യാതൊരു വിശ്വാസ്യതയുമില്ലാതെ ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന് പാലാ സി.ഐ. കെ.പി. ടോംസൺ പറഞ്ഞു. കേസ്സിലെ സാക്ഷി മാത്രമാണ് തോമസ്. സംഭവ സമയത്ത് മരിച്ച ബിനുവിനും കേസ്സിലെ ഏക പ്രതി അനീഷിനും ഒപ്പം തോമസ് ഉണ്ടായിരുന്നൂ എന്നു മാത്രമേയുള്ളൂവെന്നും പൊലീസ് അറിയിച്ചു. തോമസിന്റെ മൃതദേഹം ഇടമറ്റം പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു.