കോട്ടയം : അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ എന്ന് ആരംഭിക്കുമെന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. നവീകരിച്ച ഐ.പി യുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിക്കും. പുതിയ കെട്ടിടം നിർമ്മിച്ചിട്ടും കിടത്തി ചികിത്സ ആരംഭിക്കാത്തതിനെ തുടർന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലത്തതാണ് തിരിച്ചടിയായത്. ഉമ്മൻചാണ്ടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്ന് കോടി 47 ലക്ഷം രൂപ ചെലവഴിച്ച് 2020ലാണ് രണ്ട് നിലകളിലായി പുതിയ കെട്ടിടം നിർമ്മിച്ചത്. ആദ്യകാലത്ത് പഞ്ചായത്തിന്റെ കീഴിലായിരുന്നു ആശുപത്രിയുടെ പ്രവർത്തനം. പിന്നീട് സി.എച്ച്.സിയായി ഉയർത്തിയതോടെ പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായി പ്രവർത്തനം. പുതിയ ഭരണസമിതി അടിയന്തര പ്രാധാന്യത്തോടെ ഐ.പി പ്രോജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയുമായിരുന്നു.
അയർക്കുന്നം, കൂരോപ്പട, അകലക്കുന്നം, കിടങ്ങൂർ പഞ്ചായത്തുകളിൽ നിന്നുള്ള മൂന്നുറിലധികം പേർ ദിനംപ്രതി ആശുപത്രിയിൽ എത്തുന്നുണ്ട്.
രാവിലെ 9 മുതൽ 5 വരെ
രാവിലെ 9 മുതൽ 5 വരെയാണ് പ്രവർത്തനം. ചാർജിംഗ് ഡോക്ടർ, മൂന്ന് അസിസ്റ്റന്റ് സർജൻസ്, ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, 2 ഗൈനക്കോളജിസ്റ്റ്, ക്ലർക്ക്, ഒ.എ, 2 ഫാർമിസ്റ്റ്, 4 നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, 2 നഴ്‌സിംഗ് അസിസ്റ്റൻസ്, പാർട് ടൈം സ്വീപ്പർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് വൺ 3 പേർ, ഗ്രേഡ് 2 ഒരാൾ, ഹെൽത്ത് ഇൻസ്‌പെക്ടർ, വനിത ഹെൽത്ത് ഇൻസ്‌പെക്ടർ, 5 ജെ.പി.എച്ച്, ഒക്ടോമെട്രിസ്റ്റ് എന്നിങ്ങനെ 36 പേരോളം പേർ ഇവിടെ സേവനം നൽകുന്നു. മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ജനറൽ ഒ.പി വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.
സി.എച്ച്.സി ഐ.പി ഇന്ന് മുതൽ ആരംഭിക്കുകയാണ്. 24 രോഗികളെ വരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ട്. ജനറേറ്റർ സൗകര്യം ഉടൻ തന്നെ ഒരുക്കും. അതിനുള്ള സഹായം തോമസ് ചാഴിക്കാടൻ എം.പി വാഗ്ദാനം ചെയ്തിട്ടുണ്ട് - ടോമിച്ചൻ ജോസഫ്
(പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)