കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ട് ജിഹാദ് പരാമർശം ഇപ്പോഴും പ്രസക്തമാണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. മയക്കുമരുന്നു കേസിൽ അറസ്റ്റിലാകുന്ന പെൺകുട്ടികളുടെ എണ്ണവും ഉയരുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ കേരളാ കോൺഗ്രസ് ജില്ലയിലാകെ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നി നെതിരെ മോചനജാലയുമായി 14 ന് ജില്ലയിലെ മുഴുവൻ വാർഡിലെ തിരഞ്ഞെടുത്ത 5 കേന്ദ്രങ്ങളിൽ പ്രവർത്തകർ അണിനിരക്കും. വൈകുന്നേരം 5 നും 7നും ഇടയിലാണ് പരിപാടി ഓരോ കേന്ദ്രത്തിലെയും വ്യാപാരസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സന്ദർശിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചരണം നടത്തുകയും മോചന ജ്വാല തെളിക്കുകയും ചെയ്യും. ഇതോടൊപ്പം മയക്ക് മരുന്നിനെതിരെയുള്ള സത്യപ്രതിജ്ഞയും ഉണ്ടാവും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് മണ്ഡലത്തിലെ പ്രധാന ജംഗ്ഷനിലേക്ക് ജാഥയും സംഘടിപ്പിക്കും. 11 മുതൽ 13 വരെ ഭവനങ്ങൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യും. ജില്ലയിലെ 1344 വാർഡുകളിലായി പതിനായിരത്തോളം പ്രവർത്തകർ പങ്കാളികളാവുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതിയംഗം വിജി എം. തോമസ്, ഓഫീസ് ചാർജജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.