പാലാ : പാലായുടെ ഭാവി ഇനി ടൂറിസത്തിലാണെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. ഇലവീഴാപൂഞ്ചിറയും, ഇല്ലിക്കൽക്കല്ലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങൾ വരുംകാലങ്ങളിൽ ടൂറിസം ഡെസ്റ്റിനേഷനുകളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങൾ കാണാൻ ആകുന്ന പൂഞ്ചിറയുടെ ദൃശ്യഭംഗി ചിത്രീകരിക്കുന്ന സിനിമ ലൊക്കേഷനായി ഇവിടം മാറുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. റോഡ് പൂർത്തിയാകുന്നതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും. ഇതോടെ ഹോംസ്റ്റേകൾ അടക്കം പ്രവർത്തനം ആരംഭിക്കും. ഇത് പ്രദേശവാസികളുടെ സാമ്പത്തിക അഭിവൃത്തി കാരണമാകുമെന്നും എംഎൽഎ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയിൽ ഒതുങ്ങുന്ന പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ സ്ഥാപിക്കാൻ അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.