mela

കോട്ടയം. റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് കുറവിലങ്ങാട്ട് തുടക്കമായി. കുറവിലങ്ങാട് സെ​ന്റ് മേരീസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡ​ന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ പഞ്ചായത്ത് അം​ഗം പുഷ്പമണി, ഫാ.അ​ഗ​സ്റ്റിൻ കൂട്ടിയാനിക്കൽ, സിന്ധുമോൾ ജേക്കബ്, മിനി മത്തായി, പി.സി കുര്യൻ, ജോയ്സ് അലക്സ്, ശ്രീലത എൻ, ഡോ.കെ.ആർ ബിന്ദുജി, വർ​ഗീസ് ആ​ന്റണി, പി.റ്റി വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൊവിഡ് തീ‌ർത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന മേളയിൽ ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നുള്ള ആയിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. പ്രവൃത്തി പരിചയ മേളയും ഗണിത ശാസ്ത്ര മേളയും ഐ.ടി മേളയുമാണ് ഇന്നലെ നടന്നത്. ഇന്ന് ശാസ്ത്ര മേളയും സാമൂഹിക ശാസ്ത്ര മേളയും നടക്കും. സമാപനസമ്മേളനം ഇന്ന് 3.30ന് തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ആദ്യ ദിനത്തിലെ മത്സരങ്ങൾക്ക് ശേഷം 660 പോയി​ന്റുമായി പാലാ ഉപജില്ലയാണ് മുന്നിൽ. 602 പോയി​ന്റുമായി കോട്ടയം ഈ​സ്റ്റ് രണ്ടാം സ്ഥാനത്തും 593 പോയി​ന്റുമായി ചങ്ങനാശ്ശേരി മൂന്നാം സ്ഥാനത്തും തുടരുന്നു.

സ്കൂൾ തലത്തിൽ 217 പോയി​ന്റുമായി ഈരാറ്റുപേട്ട മുസ്ലിം ​ഗേൾസ് എച്ച്.എസ്.എസ് ആണ് ഒന്നാമത്. 151 പോയി​ന്റുമായി ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസ് രണ്ടാമതും 150 പോയി​ന്റുമായി വാഴപ്പള്ളി സെ​ന്റ് തെരേസാസ് എച്ച്.എസ്.എസ് മൂന്നാമതുമാണ്.