കുമരകം: ശക്തമായ മഴയെ തുടർന്ന് കായലിൽ കുടുങ്ങിയ ഹൗസ് ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ജലഗതാഗത വകുപ്പ്. ഇന്നലെ വൈകിട്ട് 4.15 ഓടെ പാതിരാമണലിന്റെ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ആലപ്പുഴയിൽ നിന്നു യാത്ര തിരിച്ച ഹൗസ് ബോട്ടി​ന്റെ എൻജിൻ ശക്തമായ കാറ്റിലും മഴയിലും തകരാറിലായി. ഉത്തരേന്ത്യയിൽ നിന്നും കുട്ടനാട് കാണാൻ എത്തിയ, അഞ്ച് വയസ്സുള്ള കുട്ടിയടങ്ങുന്ന കുടുബം ഹൗസ് ബോട്ടിൽ ഭയന്നുവിറച്ചു. ബോട്ട് അപകടാവസ്ഥയിലാണെന്ന് മുഹമ്മ പൊലീസ് അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ജീവനക്കാർ ബോട്ട് ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ട് അപകട സ്ഥലം മനസിലാക്കി. തുടർന്ന് എസ്. 52-ാം നമ്പർ ബോട്ടുമായി മുഹമ്മയിൽ നിന്നും യാത്ര തിരിച്ചു. ഒരു മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ ആറോടെ സഞ്ചാരികളെ സുരക്ഷിതമായി മുഹമ്മയിൽ എത്തിച്ചു. തങ്ങളുടെ ജീവൻ രക്ഷിച്ച ജീവനക്കാർക്ക് നന്ദി അറിയിച്ചാണ് സഞ്ചാരികൾ ആലപ്പുഴയ്ക്ക് മടങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിദേർശ പ്രകാരം റെസ്ക്യൂ ജീവനക്കാരായ സ്രാങ്ക് എസ്. വിനോദ്, ഡ്രൈവർ എസ്. സാബു , എസ്.ഡബ്ല്യൂ.ടി.ഡി ജീവനക്കാരായ പ്രേംജിത്ത് ലാൽ, അശോക് കുമാർ, ഷൈൻകുമാർ, പ്രശാന്ത്, അനസ്, അജയഘോഷ് എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.