വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 7.10നും 9.10നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം കൊടിക്കൂറ ശ്രീകോവിലിൽ നിന്ന് മേൽശാന്തി കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കൊടിമരച്ചുവട്ടിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് കൊടിയേറ്റ് നടക്കുക.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും മഹാദേവരുടെ കൊടിയേറ്റിന് അകമ്പടിയാകും. കൊടിയേറ്റിനെ തുടർന്ന് കൊടിമരച്ചുവട്ടിലെ അഷ്ടമി വിളക്കിൽ ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശും കലാമണ്ഡപത്തിൽ നടൻ ജയസൂര്യയും ദീപം തെളിക്കും. അഷ്ടമി വിളക്കിലെ ദീപം ആറാട്ട് വരെ കെടാതെ സൂക്ഷിക്കും.
ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ആചാരപ്രകാരം അവകാശിയായ കിഴക്കേടത്ത് ഇല്ലത്തെ വിഷ്ണുപ്രസാദ് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിലും അയ്യർ കുളങ്ങര ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തിമനയിലും ഇന്നലെ കൊടിയേറ്ററിയിച്ചു. ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്ററിയിച്ചത്. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിപ്പ് നടത്തി അതാത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവ വിവരം ഔദിഗികമായി ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുന്നതാണ് ചടങ്ങ്.. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് വിവരം ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ അറിയിപ്പ് വൈക്കത്തും നടത്തണമെന്നുമാണ് ആചാരം.
കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രം
അഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള കുലവാഴ പുറപ്പാട് ഭക്തിനിർഭരമായി. പടിഞ്ഞാറേ മുറി നീണ്ടൂർ മന ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളം, താലപ്പൊലി, കൊട്ട് കാവടി, എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് മടിയത്തറ, കൊച്ചുകവല, കച്ചേരികവല, പടിഞ്ഞാറേ നടവഴി എത്തി ദീപാരാധനയ്ക്ക് ശേഷം വടക്കേ ഗോപുര നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. തേരോഴി രാമക്കുറുപ്പ്, കീഴൂർ മധുസൂദന കുറുപ്പ് എന്നിവരുടെ പ്രമാണത്തിൽ വാദ്യമേളം ഒരുക്കി. 1634 -ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി വൈക്കം പത്മനാഭപിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗമാണ് ഇക്കുറി കുലവാഴ പുറപ്പാടിന് ആതിഥേയത്വം വഹിച്ചത്. വൈക്കം നഗരത്തിലെ സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരമ്പരാഗതമായി കുലവാഴപുറപ്പാട് നടത്തുന്നത്. അഷ്ടമിക്കായി ക്ഷേത്രം അലങ്കരിക്കുന്നതിനുള്ള കുലവാഴകളും കരിക്കിൻ കുലകളും മറ്റ് അലങ്കാര വസ്തുക്കളും ആഘോഷപൂർവം ക്ഷേത്രത്തിലെത്തിക്കുന്നതാണ് ചടങ്ങ്.
മഹാദേവക്ഷേത്രത്തിൽ ഇന്ന്
രാവിലെ 5, 5.20 ഭാഗവത പാരായണം.
6 ന് ശിവസ്തുതി.
6.30ന് ശിവപുരാണ പാരായണം.
7.10 നും 9.10നും മദ്ധ്യേ കൊടിയേറ്റ്.
9.10ന് കൊടിക്കീഴിലും 9.15ന് കലാമണ്ഡപത്തിലും ദീപം തെളിയിക്കും.
9.20ന് സോപാന സംഗീതം.
9.30ന് ശ്രീബലി.
10.30 ന് നാരായണീയപാരായണം.
11ന് ഗീതാപാരായണം.
11.30ന് നാരായണീയപാരായണം.
12ന് ഗീതാപാരായണം.
12.30ന് സംഗീതാർച്ചന.
1.30ന് ആദ്ധ്യാത്മിക പ്രഭാഷണം.
2ന് അക്ഷരശ്ലോകസദസ്സ്.
വൈകിട്ട് 3, 4 സംഗീതാർച്ചന.
5ന് ഒഡീസ്സി നൃത്തം.
6.45, 6.45 തിരുവാതിരകളി.
7ന് ഓട്ടൻതുള്ളൽ.
8ന് ലയവാദ്യതരംഗ്.
9ന് കൊടിപ്പുറത്ത് വിളക്ക്.
നാളെ
രാവിലെ 5, 5.30 ശിവപുരാണപാരായണം.
6,6.30 ഭാഗവതപാരായണം.
7ന് ശിവസ്തുതി.
7.30ന് നാരായണീയപാരായണം.
8ന് ശ്രീബലി, നാരായണീയപാരായണം.
8.30ന് ഗീതാപാരായണം.
9ന് നാരായണീയപാരായണം.
9.30ന് നാമസങ്കീർത്തനം.
10.30ന് തിരുവാതിരകളി.
11,11.30ന് നാരായണീയപാരായണം.
12.30ന് ശിവപുരാണപാരായണം.
1ന് ശിവസ്തുതി.
1.30ന് ഭാഗവതപാരായണം.
2.30,3.15,4.15 സംഗീതക്കച്ചേരി.
വൈകിട്ട് 5ന് കാഴ്ചശ്രീബലി.
5.30,6,6.30,7 തിരുവാതിരകളി.
7.30ന് നൃത്തനൃത്ത്യങ്ങൾ.
9ന് വിളക്ക്.