പാലാ : ജനമൈത്രി പൊലീസ് പാലായിലെ ഓട്ടോ - ടാക്‌സി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനെത്തിയത് 8 പേർ മാത്രം! പാലായിൽ ഓട്ടോടാക്‌സി തൊഴിലാളികളായി 600ഓളം പേർ ഉള്ളപ്പോഴാണിത്. മുഴുവൻ തൊഴിലാളി യൂണിയൻ നേതാക്കളെയും വിവരമറിയിക്കുകയും ഓരോ ടാക്‌സി സ്റ്റാൻഡിലും ചെന്ന് ക്ലാസിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ യോഗം തുടങ്ങിയപ്പോൾ 5 ഓട്ടോക്കാർ മാത്രമാണെത്തിയത്. ഡിവൈ.എസ്.പി ഉൾപ്പെടെ ആറ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത് 5 പേർക്ക് ക്ലാസെടുക്കാൻ. എന്നാൽ ഓട്ടോ ടാക്‌സി തൊഴിലാളികൾ വരില്ലായെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളെ സദസ്യരാക്കിയത് ഗുണമായി. 50 ഓളം എസ്.പി.സി കുട്ടികളാണ് സദസിലുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 5 ഓട്ടോ തൊഴിലാളികൾ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഉദ്ഘാടന സമ്മേളനത്തിനിടെ 3 പേർകൂടി വന്നു. അങ്ങനെ ടാക്‌സി തൊഴിലാളികളുടെ എണ്ണം 8 ആയി. നാഴികയ്ക്ക് നാല്പതുവട്ടം പാലാ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്ന യൂണിയൻ നേതാക്കളുടെ അനുയായികൾ പോലും ക്ലാസിൽ പങ്കെടുക്കാൻ എത്തിയില്ല എന്നതാണ് ഏറെ വിചിത്രമായത്. സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്ലാസ് ഡിവൈ.എസ്.പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ഓഫീസർ എസ്. സുദേവ്, അദ്ധ്യാപകരായ സിന്ധു, സിജോ തുടങ്ങിയവർ സംസാരിച്ചു.