വൈക്കം : വൈക്കത്തഷ്ടമി പ്ലാസ്റ്റിക്ക് മുക്തമായ ഹരിത അഷ്ടമിയാക്കി മാറ്റുന്നതിന് മുനിസിപ്പാലിറ്റി, നവകേരള മിഷൻ എന്നിവയോട് സഹകരിച്ച് വിപുലമായ പദ്ധതികൾക്ക് ശ്രീമഹാദേവ കോളേജിന്റെ നേതൃത്വത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജൈവബിൻ നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവ കോളേജ് ഇ.ഡി ക്ലബിന്റെ നേതൃത്വത്തിലും പ്രകൃതിദത്ത സോപ്പ്, തെങ്ങിൻ പൊങ്ങിൽ നിന്നുള്ള വിവിധ ഉല്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലും ആരംഭിച്ചു. ജൈവ ബിന്നുകൾ, പേപ്പർ ബാഗുകൾ എന്നിവ അഷ്ടമി ആഘോഷവേളയിൽ സൗജന്യമായി വിതരണം ചെയ്യും. ഹരിത അഷ്ടമി പൂർണ്ണ വിജയമാക്കുവാൻ ഇ ഡി ക്ലബ് കൺവീനർ അനുപ.പി.നാഥ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിച്ചു.എസ്.നായർ എന്നിവരുടെ നേതൃത്വത്തിൽ ഗ്രീൻ വോളണ്ടിയേഴ്‌സ് പ്രവർത്തനസജ്ജമായതായി ഡയറക്ടർ പി ജി എം നായർ കാരിക്കോട് അറിയിച്ചു. ജൈവ ബിൻ നിർമ്മാണ ശില്പശാല സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീലക്ഷ്മി ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. അനുപ.പി.നാഥ് അദ്ധ്യക്ഷത വഹിച്ചു. നവകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ ശരത്ചന്ദ്രൻ, മറിയം ജോയ്‌സി എന്നിവർ ക്ലാസ്സ് എടുത്തു. സുകന്യ സുദർശനൻ, ശ്രീജ എം.എസ്, ആഷ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.