
കുറവിലങ്ങാട് . ജില്ലാ ശാസ്ത്രോത്സവത്തിൽ 820 പോയിന്റ് നേടി പാലാ ഉപജില്ല ഓവറാൾ ജേതാക്കളായി. 771 പോയിന്റുമായി ചങ്ങനാശ്ശേരി രണ്ടാമതും 750 പോയിന്റുമായി കോട്ടയം ഈസ്റ്റ് മൂന്നാമതുമെത്തി. സ്കൂളുകളിൽ 284 പോയിന്റ് നേടി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ഓവറാൾ ചാമ്പ്യന്മാരായി. 201 പോയിന്റ് നേടി കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. 190 ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ജി.എച്ച്.എസ് മൂന്നാമതെത്തി. ശാസ്ത്രമേളയിൽ മൗണ്ട് കാർമൽ എച്ച്.എസ്.എസും ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസും പ്രവൃത്തി പരിചയ മേളയിൽ പുതുപ്പള്ളി ഡോൺ ബോസ്കോ എച്ച്.എസും ഐ.ടി മേളയിൽ നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടു ദിനങ്ങളിലായി നടന്ന മേളയിൽ ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നുള്ള നാലായിരത്തോളം പ്രതിഭകളാണ് പങ്കെടുത്തത്. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ, ബോയ്‌സ് ഹൈസ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് എൽപി സ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ.