കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. ക്ഷേത്രത്തിലെ ഗണപതി കോവിലിന് മുന്നിലെ കാണിക്കവഞ്ചിയിൽ നിന്നാണ് പണം കവർന്നത്. ചില്ലറത്തുട്ടുകൾ ക്ഷേത്രത്തിനു മുന്നിൽ ഉപേക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയിൽ നിന്നും പണം കവർന്നത്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.