
പാല. ട്രാക്കും ഫീൽഡും ഒരുങ്ങി. കൗമാരം മാറ്റുരയ്ക്കുന്ന ജില്ലാ സ്കൂൾ കായികമേളയ്ക്ക് പാലാ സിന്തറ്റിക് സ്റ്റേഡിയം ഇന്ന് മുതൽ വേദിയാകും. കൊവിഡിന് ശേഷം ഇതാദ്യമാണ് ഇത്രയും ആവേശത്തിൽ സ്കൂൾ കായികമേള ഒരുങ്ങുന്നത്. അപകടമൊഴിവാക്കാൻ കർശന സുരക്ഷാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 99 ഇനങ്ങളിലായി 2100 കുട്ടികൾ മത്സരിക്കും. ഉപജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉപജില്ലാ മത്സരങ്ങൾ പൂർത്തിയായത്. പാലാ സ്റ്റേഡിയത്തിൽ ഹാമർ ത്രോയ്ക്കിടെ തലയ്ക്ക് പരിക്കേറ്റ് അഫീൽ എന്ന വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് ഇക്കുറിയും സുരക്ഷയിലാണ് ത്രോ ഇനങ്ങൾ. പ്രത്യേകം ത്രോ കേജും ഒരുക്കിയിട്ടുണ്ട്. ഇന്ന് അഞ്ച് കിലോമീറ്റർ നടത്തമാണ് ആദ്യം. മേളയിലെ വേഗതാരത്തെ തീരുമാനിക്കുന്ന നൂറു മീറ്റർ ഓട്ടവും ഇന്നാണ് . പുതു റെക്കോഡുകൾ പിറക്കുമെന്നാണ് പ്രതീക്ഷ.
സംഘാടകർക്ക് മാത്രം ഭക്ഷണം.
എല്ലാ മേളകളിലും മത്സരാർത്ഥികൾക്കും ഭക്ഷണം നൽകുമെങ്കിലും ഇക്കുറി കായികമേളയിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഭക്ഷണമില്ല. സംഘാടകർക്ക് മാത്രമായി ഭക്ഷണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. മറ്റ് ജില്ലകളിൽ കായിക താരങ്ങൾക്കും ഭക്ഷണം നൽകുന്നുണ്ട്. ജില്ലാ ശാസ്ത്രമേളയിലും കലോൽസവത്തിലും ഉൾപ്പെടെ മത്സരാർത്ഥികൾക്ക് ഭക്ഷണം സൗജന്യമാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കായികതാരങ്ങൾക്ക് ഭക്ഷണം നൽകാതിരിക്കാനുള്ള കാരണമായി പറയുന്നത്.
സംഘാടക സമിതിയംഗം രാജേഷ് പറയുന്നു.
.മൂന്നാം സ്ഥാനക്കാർക്കും ഇപ്രാവശ്യം പങ്കെടുക്കാം. ആദ്യം ഒന്നും രണ്ടും സ്ഥാനക്കാരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. മത്സരം അനുസരിച്ച് മൂന്നാം സ്ഥാനക്കാർ സ്റ്റേഡിയത്തിലെത്തണം. ഇവർക്ക് പങ്കെടുക്കാനുള്ള കാർഡ് സ്റ്റേഡിയത്തിൽ നൽകും.
സുരക്ഷയിങ്ങനെ.
ട്രാക്കിലും ഫീൽഡിലും സംഘാടകരും വാളണ്ടിയേഴ്സിനും മാത്രം പ്രവേശനം.
ത്രോ മത്സരങ്ങളിൽ എറിയുന്നവർ ഒഴികെയുള്ളവരെ ഗാലറിയിലേയ്ക്ക് മാറ്റും.
ട്രാക്കിലും ഫീൽഡിലും ഓഫീഷ്യൽസിന് പ്രത്യേകം ഐ.ഡി കാർഡ് നൽകും.