പാലാ : സിവിൽ സ്റ്റേഷനിൽ എത്തുന്നവർക്ക് കാര്യം സാധിക്കണമെന്ന് വച്ചാൽ പെട്ടത് തന്നെ. വർഷങ്ങൾക്ക് മുമ്പ് സിവിൽ സ്റ്റേഷന്റെ പിറകുവശത്ത് ലക്ഷങ്ങൾ മുടക്കി പണിത അഞ്ച് ശൗചാലയങ്ങൾ ഉണ്ടെങ്കിലും അടച്ചുപൂട്ടിയ നിലയിലാണ്. മുകൾ നിലകളിലുള്ള ശൗചാലയങ്ങൾ ജീവനക്കാരുടെ താത്പര്യങ്ങൾക്കുവേണ്ടി പൂട്ടിയിട്ടിരിക്കുകയാണ്. പത്ത് ദിവസം മുമ്പ് ജില്ലാ കളക്ടർ നടത്തിയ അദാലത്തിൽ പങ്കെടുക്കാൻ അതിരാവിലെ മുതൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ പലരും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നെട്ടോട്ടത്തിലായിരുന്നു. ഇത് സംബന്ധിച്ച് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ മീനച്ചിൽ താലൂക്ക് സഭയിൽ പരാതി നൽകി. മാണി സി. കാപ്പൻ എം.എൽ.എ വിഷയത്തിൽ ഇടപെടുകയും കംഫർട്ട് സ്റ്റേഷൻ സംബന്ധിച്ച പരാതിയിൽ എത്രയുംവേഗം നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടും ഒന്നുമായില്ല.

സിവിൽ സ്റ്റേഷനിലെയും, പരിസരത്തെയും ശൗചാലയങ്ങൾ പണിയാൻ ജനങ്ങൾ നൽകിയ ഭീമമായ നികുതിപ്പണം ആണെന്ന കാര്യങ്ങൾ അധികൃതർ‌ മറക്കരുത്. വിവിധ സർക്കാർ ഓഫീസുകളിൽ എത്തുന്നവർക്ക് ഉപകാരപ്രദമായി ശൗചാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം

ജോയി കളരിക്കൽ

നാലരലക്ഷം മുടക്കി പണിതിട്ടും നോ രക്ഷ

കെ.എസ്.ആർ.ടി.സി കോംപ്ലക്‌സിൽ എം.എൽ.എ ഫണ്ടിൽ നിന്ന് നാലരലക്ഷം രൂപ മുടക്കി നിർമ്മിച്ച് നാല് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കംഫർട്ട് സ്റ്റേഷൻ ഇതുവരെ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയിട്ടില്ല. എത്രയും വേഗം തുറന്നുനൽകണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർക്ക് എം.എൽ.എ കർശന നിർദ്ദേശം നൽകിയത് മാത്രം മിച്ചം.