പാലാ : കരൂർ പഞ്ചായത്തിനെ ജല സ്വാശ്രയമാക്കുന്നതിനായി വൻകിട കുടിവെള്ള വിതരണ പദ്ധതിയ്ക്ക് സർക്കാർ അനുമതി നൽകി.

ഇതിനായി 56 കോടിയുടെ അടങ്കലിനാണ് അനുമതി ലഭ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പ് കണക്ഷനിലൂടെ ഉറപ്പു വരുത്താൻ കഴിയും വിധമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മീനച്ചിലാറ്റിൽ പാലാ ബിഷപ്പ് ഹൗസിന് പിൻഭാഗത്തായി ജല അതോറിറ്റി നിർമ്മിച്ച കിണറിൽ നിന്ന് വലവൂരുള്ള ട്രിപ്പിൾ ഐ.ടി കാമ്പസിൽ കൊണ്ടുവന്ന് റീഹാബിലിറ്റേഷൻ ലാന്റിലെ അൻപത് സെന്റ് സ്ഥലത്ത് ജല ശുദ്ധീകരണ ശാല നിർമ്മിക്കുന്നതിനുള്ള അനുവാദവും ജലസംഭരണി നിർമ്മിക്കാനുള്ള അനുവാദവും ലഭിച്ചു. റവന്യൂ അധികൃതർ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

വലവൂർ ട്രിപ്പിൾ ഐ.ടിക്കും നിർദ്ദിഷ്ട ഇൻഫോസിറ്റിക്കും എന്നും പ്രയോജനപ്പെടുന്ന രീതിയിലാണ് കരൂർ പഞ്ചായത്തിന് മാത്രമായി ഈ വൻകിട പദ്ധതി നടപ്പാക്കുന്നതെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു.