കാഞ്ഞിരം : ബോട്ട് കാത്തുനിൽക്കുന്ന യാത്രക്കാർ അല്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. തലയ്ക്ക് മീതെ ദുരന്തം ഒളിഞ്ഞിരിപ്പുണ്ട്. ഏത് നിമിഷവും നിലംപതിക്കാം. എസ്.എൻ.ഡി.പി സ്കൂളിന് മുൻപിലുള്ള കാഞ്ഞിരം ബോട്ട് ജെട്ടി ഷെഡാണ് തൂണുകൾ ദ്രവിച്ച് യാത്രക്കാർക്ക് വില്ലനായിരിക്കുന്നത്. ആറ് തൂണുകളിൽ അഞ്ചും ദ്രവിച്ചിളകി വേർപ്പെട്ട നിലയിലാണ്. നാട്ടുകാർ കയർ കെട്ടിയാണ് ഷെഡ് വീഴാതെ താങ്ങി നിറുത്തിയിരിക്കുന്നത്. ചുങ്കത്ത് മുപ്പതു പാലം ഉയരാതായതോടെ ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസ് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ദിവസേന രാവിലെയും വൈകിട്ടുമായി അറുപതോളം കുട്ടികൾ ബോട്ട് കാത്തുനിൽക്കുന്നത് ഇവിടെയാണെന്നത് ആശങ്ക സൃഷ്ടിക്കുന്നു.
ഷെഡ് അപകടാവസ്ഥയിലായി ഒരു വർഷം കഴിഞ്ഞിട്ടും അത് നവീകരിക്കാനോ മാറ്റി സ്ഥാപിക്കാനോ ജലഗതാഗത വകുപ്പ് അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
തൂണുകൾ നശിക്കാൻ കാരണം
കാഞ്ഞിരം പാലത്തിന് സമീപം 15 കടവ് ബോട്ട് ജെട്ടി നിർമ്മിച്ചെങ്കിലും സർവീസ് ഇവിടെ നിന്നല്ല ആരംഭിക്കുന്നത്. കനത്ത ഒഴുക്കുണ്ടായ സമയത്ത് ബോട്ട് കെട്ടി നിറുത്താൻ ഉപയോഗിച്ചിരുന്ന തെങ്ങിൻകുറ്റികൾ നശിച്ചതോടെ ഷെഡിന്റെ ഇരുമ്പ് തൂണുകൾ ഉപയോഗിച്ചതാണ് തൂണുകൾ വേർപെടാൻ ഇടയാക്കിയത്.
വിദ്യാർത്ഥികളടക്കം നൂറോളം പേരാണ് ഒരു ദിവസം ഇവിടെ നിന്ന് ബോട്ട് കയറുന്നത്. ശക്തമായ കാറ്റടിച്ചാൽ ഷെഡ് നിലംപൊത്തുമെന്ന അവസ്ഥയിലാണ്
രാജൻ (സമീപവാസി)
ഷെഡ് വീഴാതിരിക്കാനായി നാട്ടുകാർ കയറുപയോഗിച്ച് കെട്ടി നിറുത്തിയിരിക്കുകയാണ്. ബോട്ട് ജെട്ടി നവീകരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണം
രഞ്ജിത്ത് (സമീപവാസി)