കൊടുങ്ങൂർ : ഒരിക്കലും നടക്കാത്തതെന്ന് പലരും വിധിയെഴുതിയ ഒരു വലിയ സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് വാഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് നിവാസികൾ. ജനകീയ കൂട്ടായ്മയിൽ ചാമംപതാൽ പാലയ്ക്കാക്കുഴി റോഡ് പൂർത്തിയായി. നിലവിലുണ്ടായിരുന്ന നടപ്പുവഴി 10 അടി വീതിയിൽ റോഡായി മാറി. 2021 നവംബർ ഒന്നിന് പണി തുടങ്ങിയതാണ്. നിയമപോരട്ടങ്ങൾ വരെ നടത്തി തടസങ്ങളെല്ലാം നീക്കി ഒരു വർഷംകൊണ്ട് ടാറിംഗ് ഒഴിച്ചുള്ള ബാക്കി പണികൾ തീർത്തു. ഗ്രാമപഞ്ചായത്ത് മുൻ അംഗമായ റംഷാദ്‌റഹ്മാൻ ഇപ്പോഴത്തെ അംഗം സൗദ സാലി എന്നിവരാണ് നേതൃത്വം നൽകിയത്. ആവശ്യമായ ഭൂമി പ്രദേശവാസികൾ വിട്ടുനൽകി. ഇറിഗേഷൻ വകുപ്പിന്റെ 10 ലക്ഷം, ഗ്രാമപഞ്ചായത്ത് ഫണ്ട് 6 ലക്ഷം ഉൾപ്പെടെ 16 ലക്ഷം രൂപയാണ് സംരക്ഷണഭിത്തിയടക്കം റോഡിനായി ചെലവഴിച്ചത്. ഗ്രാമകൂട്ടായ്മയിൽ നിർമ്മിച്ച റോഡിന് സ്‌നേഹതീരം എന്ന് പേരും നൽകി. ടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കും.