കല്ലറ : മഴ തിമിർക്കുമ്പോൾ കുഴികളുടെ എണ്ണവും കൂടുകയാണ്. കല്ലറ ചൂരക്കുഴിയിൽ റോഡ് തന്നെ ഇല്ലാതായിട്ടും പി.ഡബ്ല്യു.ഡി അധികൃതർക്ക് കുലുക്കമില്ല .ഓണത്തിന് മുമ്പ് റോഡ് നവീകരണം പൂർത്തിയാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം വെള്ളത്തിൽ ഒഴുകിപ്പോയി. കല്ലറയിലെ പ്രധാന പാതയുടെ ഭാഗമാണ് ചൂരക്കുഴി. മഴ പെയ്താൽ ചെളിയും, മഴ മാറിയാൽ പൊടിയും മൂലം ജനം പൊറുതിമുട്ടി. ചൂരക്കുഴി ഭാഗത്ത് റീടാറിംഗ് നടത്തിയിട്ട് 15 വർഷത്തോളമായി. ഇവിടെ ടാറിംഗിന്റെ പൊടി പോലുമില്ല അപകടങ്ങൾ നിത്യസംഭവവും. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ പറന്നു പൊങ്ങുന്നത് ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ഉള്ളവരുടെ കാഴ്ച മറയ്ക്കുകയാണ്. ഓടകൾ പലയിടത്തും ഇല്ലാത്തതിനാൽ മഴ വെള്ളത്തിനൊപ്പം മലിനജലവും റോഡിലേക്ക് ഒഴുകി തുടങ്ങി. നീരൊഴുക്ക് സ്‌കൂൾ റോഡിന്റെ സ്ഥിതി പരമദയനീയമാണ്. ഒരു കുഴിയിൽ നിന്നും മറ്റൊരു കുടിയിലേക്കാണ് വാഹനം പതിക്കുന്നത്. കുഴികളടയ്ക്കാൻ അധികൃതർ തയ്യാറകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കല്ലറ പഞ്ചായത്തിന്റെ നേത്യത്വത്തിൽ പ്രതിഷേധ സമരം നടത്തി. റോഡിലെ വെള്ളക്കെട്ടായി മാറിയ കുഴിയിൽ കുളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധസമരം സംസ്ഥാന സമതിയംഗം കെ.കെ.മണിലാൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അദ്ധ്യക്ഷൻ അരവിന്ദ് ശങ്കർ, പഞ്ചായത്തഗങ്ങളായ രമേശ് കാവി മറ്റം, ജോയി കല്പകശ്ശേരി, കെ.അനിരുദ്ധൻ, പ്രതീഷ് കുമാർ, കെ.ആർ.രാജേഷ് തുടങ്ങിയവർ നേതൃത്വം നല്കി.