prathy

പാലാ. നിരവധി പേരെ വ്യാജ വിസ നൽകി വിദേശത്ത് അയച്ച് പറഞ്ഞ ജോലി നൽകാതെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി പിട‌ിയിൽ. ഇടുക്കി പെരുവന്താനം പാഴൂർക്കാവ് ചെറിയ കാവുങ്കൽ മണിക്കുട്ടനെയാണ് (മനോജ്, 39) പാലാ പൊലീസ് അറസ്റ്റു ചെയ്തത്.

പാലാ സ്വദേശിനിയായ യുവതിയെ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ഒമാനിൽ കൊണ്ട് പോവുകയും വീട്ടുജോലിക്ക് അയയ്ക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പാലാ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി വരികയുമായിരുന്നു.

ഒളിവിലായിരുന്ന മനോജിനെ ജില്ലാ പോലീസ് മേധാവി കെ കാർത്തികിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അറസ്റ്റ് ചെയ്തത്.

മനാേജിന് എതിരെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിരവധി മോഷണക്കേസുകളുമുണ്ട്. ഒൻപത് വർഷമായി അയർക്കുന്നം സ്വദേശിയായ സ്ത്രീയ്ക്കൊപ്പം ഇടപ്പാടിയിൽ വാടക വീട്ടിൽ താമസിച്ചു വരികയാണ്.
സോഷ്യൽ മീഡിയ വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് സൗജന്യമായി ജോലി സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഗൾഫിൽ വീട്ടുജോലിക്ക് എത്തിച്ച് പ്രതിഫലം വാങ്ങുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പാലാ സി.ഐ.കെ.പി ടോംസൺ അറിയിച്ചു.