checking

കോട്ടയം: കേസുകൾ തെളിയിക്കുന്നതിൽ അത്ര മുന്നിലല്ലെങ്കിലും മെട്രോ നഗരങ്ങളെ പോലും പിന്തള്ളി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെറ്റികേസുകൾ അടിച്ച് സർക്കാരിന് പത്തു പുത്തൻ ഉണ്ടാക്കി കൊടുത്ത് കോട്ടയത്തെ പൊലീസ് ഏമാൻമാർ റെക്കാഡോടെ ഒന്നാം സ്ഥാനത്തെത്തിയതറിഞ്ഞ് സല്യൂട്ട് ചെയ്തു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഈ വർഷം ഇതുവരെ ഒമ്പതു മാസത്തിനുള്ളിൽ 32632 കേസുകളാണ് രജിസ്റ്റർ ചെയ്തത് . ഇതിലൂടെ രണ്ടരക്കോടി രൂപയാണ് പിരിച്ചെടുത്തത് (അല്ല പിഴിഞ്ഞെടുത്തത്) . മദ്യപിച്ചും അപകടകരമായ രീതിയിലും അമിതവേഗത്തിലും വാഹനമോടിച്ചതിന് 3958 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വകയിൽ 65 ലക്ഷം പിടിച്ചെടുത്തു. ചുരുക്കത്തിൽ പെറ്റികേസു വഴി മൂന്നേകാൽ കോടിയാണ് സർക്കാർ ഖജനാവിൽ കോട്ടയത്തെ ഏമാൻമാർ എത്തിച്ചത്.

പണ്ട് രസീത് കുറ്റിയുമായി നടക്കുന്ന രാഷ്ട്രീയക്കാരെകണ്ടാൽ പൊതുജനം മുങ്ങുമായിരുന്നു . ഇന്ന് രസീത് കുറ്റിയുമായി പ്രധാന കവലകളിലും ഇടറോഡുകളിലും ഒളിച്ചും പാത്തും നിൽക്കുന്ന പൊലീസുകാരെ കണ്ട് മുങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കൊവിഡ് കാലത്ത് കൊവിഡ് പകരുമോ എന്ന ഭയത്താൽ കള്ളടിച്ചോ എന്നറിയാനുള്ള ഊത്തില്ലായിരുന്നു . കള്ളടിച്ചവരാകട്ടെ മാസ്ക്ക് കവചമായി ധരിച്ച് പൊലീസുകാരുടെ പിഴയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇന്ന് കാലം മാറി. വാഹനമോടിച്ചു വരുന്നവൻ കള്ളടിച്ചോ എന്ന് ദൂരത്തു നിന്ന് തന്നെ മണത്തറിയാനുള്ള വാഹനം വരെ നാട്ടിൽ എത്തി. വാഹനത്തിന്റെ ഉള്ളിലിരിക്കുന്ന ഏമാന് പഴയ പോലെ വാ മണപ്പിക്കാതെ , ബ്രീത്ത് അനലൈസറിനു മുന്നിൽ ഊതിപ്പിക്കാതെ കള്ളടിച്ചവന്റെ കൈയ്യിൽ കാൽ കാശില്ലെങ്കിലും ഗൂഗിൾ പേ വഴി പെറ്റി അടിപ്പിക്കാനും സംവിധാനമായി

സ്റ്റേഷനുകളിൽ ഇരിക്കാൻ നേരമില്ലാതെ പെറ്റി അടിപ്പിക്കാൻ പാഞ്ഞു നടക്കുകയാണ് പൊലീസുകാരിപ്പോൾ. പണ്ട് പിഴയായി വാങ്ങുന്നത് വേറേ, രസീതിലെ തുക വേറേ എന്നതായിരുന്നു പൊലീസ് നിയമം. കാശുവാങ്ങി പാന്റിന്റെ പോക്കറ്റിൽ തിരുകി രസീതില്ലാതെ പൊയ്ക്കോളാൻ പറഞ്ഞ സ്ഥിതി ഇന്ന് മാറി. കൃത്യം തുകയേ വാങ്ങാൻപറ്റൂ. നാട് മുഴുവൻ സി.സി.ടി.വി കൂടാതെ നാട്ടുകാരുടെ അവിടെയും ഇവിടെയുമൊക്കെ ഒളി കാമറയായി , മൊബൈലിൽ പൊലീസുകാരുടെ വീരകൃത്യങ്ങൾ റെക്കാഡ് ചെയ്യാനും നാട്ടുകാർക്ക് പേടിയില്ലാതായി. മാങ്ങാ മോഷ്ടിച്ച ഏമാനെ സി.സി ടിവി കാമറ കുടുക്കിയതു പോലെ കുടുങ്ങും. ഇടിച്ചാലോ തന്തക്കു വിളിച്ചാലോ സോഷ്യൽ മീഡിയയിൽ വൈറലാകും. പിറകേ സസ്പെൻഷനുമാകുമെന്നതിനാൽ നോക്കീം കണ്ടു വേണം ഓരോന്ന് ചെയ്യാനെന്ന തിരിച്ചറിവ് ചില പൊലീസുകാർക്ക് ഇല്ലാതെ പോകുന്നു. കാക്കി ഇട്ടാൽ ബാധ കേറിയതുപോലാകും പെരുമാറ്റം. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വൈറലാകുമ്പേഴേ ബാധ ഇറങ്ങൂ. "ഈ പത്രക്കാരെ ക്കൊണ്ടു തോറ്റൂ. ഞാൻ എന്തു ചെയ്യുകയാണെന്നറിയാൻ അവന്മാര് കാമറയുമായി പിറകേ നടക്കുകയാണെന്ന് " മാന്നാർ മത്തായി സിനിമയിൽ ജനാർദ്ദനന്റെ ഗർവാസീസ് ആശാനെ പോലെ പറയേണ്ട അവസ്ഥയിലാണ് പൊലീസുകാരിപ്പോൾ .

സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം ചുറ്റുന്ന സർക്കാരിനെ സഹായിക്കാൻ പെറ്റി കേസുകളുടെ എണ്ണം കൂട്ടി കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന പൊലീസ് ഏമാൻമാരെ മിനിമം കേരളശ്രീ പുരസ്ക്കാരത്തിന് അടുത്തവർഷമെങ്കിലും പരിഗണിക്കണമെന്നാണ് ബന്ധപ്പെട്ടവരെ ഓർമിപ്പിക്കാനുള്ളത്.