
കോട്ടയം. വിലക്കയറ്റത്തിന് പിന്നാലെ സർക്കാരിൽ നിന്നുള്ള സബ്സിഡിയും നിലച്ചതോടെ ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേയ്ക്ക്. ജില്ലയിൽ എൺപതോളം ജനകീയ ഹോട്ടലുകളാണുള്ളത്. ഇതിൽ ഭൂരിഭാഗത്തിനും സബ്സിഡി ലഭിച്ചിട്ട് മൂന്നു മാസമായി. സർക്കാരിൽ നിന്ന് ഫണ്ട് കൃത്യമായി ലഭിക്കാത്തതാണ് പ്രശ്നം. ഒരു ഊണിന് 10 രൂപയാണ് സർക്കാർ നൽകുന്നത്. ഊണിന്റെ വിലയും ചേർത്ത് പ്രവർത്തകർക്ക് 30 രൂപ ലഭിക്കും. എന്നാൽ സബ്സിഡി നിലച്ചതോടെ കുടുംബശ്രീ പ്രവർത്തകർ വായ്പയെടുത്തും മറ്റുമാണ് ഹോട്ടൽ ചെലവിനുള്ള പണം കണ്ടെത്തുന്നത്.
ജനകീയ ഹോട്ടലുകൾക്ക് 10.90 രൂപ നിരക്കിൽ സപ്ലെക്കോ വഴി അരി ലഭിക്കുമെങ്കിലും ഗുണനിലവാരം കണക്കിലെടുത്ത് കൂടുതൽ ഊണുകൾ ചെലവാകുന്ന ഹോട്ടലുകൾ ഇത് ഉപയോഗിക്കാറില്ല. അരിയ്ക്കും പലവ്യഞ്ജനത്തിനും പച്ചക്കറിയ്ക്കും വില കൂടിയതോടെ അവിയൽ ഉൾപ്പെടെയുള്ള വിഭവങ്ങൾ ആഴ്ചയിൽ ഒന്നായി. നിലവിൽ, മുന്നൂറോളം ഊണുകൾ ഒരു ദിവസം വിൽക്കുന്ന ഹോട്ടൽ ചോറിനൊപ്പം രണ്ട് കൂട്ടം ഒഴിച്ചുകറി, തോരൻ, മുളക്/മീൻ ചമ്മന്തി, അച്ചാർ എന്നിവയാണ് നൽകുന്നത്. എന്നാൽ ഇത് തയ്യാറാക്കാൻ ലഭിക്കുന്നതിലും ഏറെ ചെലവാകും. അതിന് പുറമേയാണ് സബ്സിഡി വരവ് തടസപ്പെട്ടതും. മീൻ, ചിക്കൻ സ്പെഷ്യൽ വിഭവങ്ങൾക്ക് 40 രൂപയാണ് വില. ഊണ് മാത്രം നൽകുന്ന ഹോട്ടലുകളാണ് കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.
ഊണിന്റെ വില വർദ്ധിപ്പിക്കുകയോ സബ്സിഡി കൃത്യമായി നൽകുകയോ ആണ് ചെയ്യേണ്ടതെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.
അരി നൽകുന്നത് 10.90 രൂപയ്ക്ക്.
സർക്കാർ സബ്‌സിഡി:10 രൂപ.
ഒരു ഊണിന് ലഭിക്കുക: 20 രൂപ.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പറയുന്നു.
സർക്കാരിൽ നിന്ന് ഘട്ടംഘട്ടമായാണ് തുക ലഭിക്കുന്നത്. ഇതാണ് സബ്സിഡി വൈകാൻ കാരണം. ജില്ലയിലെ ഹോട്ടലുകൾക്ക് ഉടൻ സബ്സിഡി നൽകാൻ നടപടിയുണ്ടാവും.