ഏറ്റുമാനൂർ : കാരിത്താസ് റെയിൽവേ മേൽപ്പാലത്തിലേക്ക് കാരിത്താസ് - അമ്മഞ്ചേരി റോഡിൽ അപ്രോച്ച് റാേഡ് നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം. മുണ്ടകപ്പാടം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ റാലിയും സമ്മേളനവും നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ,കുട്ടികളുടെ ആശുപത്രി, ഡന്റൽ കോളേജ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, മാന്നാനം കെ.ഇ കോളേജ്, അമലഗിരി ബി.കെ കോളേജ് വിവിധ ദേവാലയങ്ങൾ, തെള്ളകത്തെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് ജനങ്ങൾ വേഗതയിൽ എത്തിച്ചേരുന്ന റോഡാണ് മൂന്നു വർഷക്കാലമായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നത്. അപ്രോച്ച് റോഡ് നിർമ്മാണം വൈകിയതോടെ പ്രദേശം കാടുപിടിച്ച നിലയിലാണ്. നിലവിൽ ഇതുവഴിയുള്ള കാൽനടയാത്രയും ഇതോടെ ഭീതിയിലായി.
അമ്മഞ്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൾ ഫാ. ജെയിംസ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഡോ.റോസമ്മ സോണി, മുൻ എം.പി പി.സി.തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, പ്രിൻസ് ലൂക്കോസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.