atheletic

പാലാ . റവന്യു ജില്ലാ കായികമേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊടി ഉയർന്നു. കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻപോൾ പതാക ഉയർത്തി. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമായ ബിജി ജോജോ, ബിനു പുളിക്കക്കണ്ടം, പാലാ ഡി ഇ ഒ ജയശ്രീ കെ, എ ഇ ഒ ശ്രീകല കെ ബി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോബി കുളത്തറ, റിസപ്ഷൻ കമ്മറ്റി വൈസ് ചെയർമാൻ ടോബിൻ കെ അലക്‌സ്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജോർജ്‌ തോമസ്, സ്‌പോട്‌സ്‌ കോഓർഡിനേറ്റർ ബിജു ആന്റണി, പബ്ലിസിറ്റി കൺവീനർ രാജേഷ് എൻ വൈ, ഷിബു വി കെ എന്നിവർ പ്രസംഗിച്ചു.


തോമസ് മാഷിന്റെ കായിക ജീവിതത്തിന് ഷഷ്ട്യബ്ദപൂർത്തി , ശിഷ്യരുടെ മുദ്രമോതിരങ്ങൾ സാക്ഷി

കായികാചാര്യനായ കെ പി തോമസ് മാഷിന്റെ കൈവിരലുകളിൽ മൂന്ന് മുദ്രമോതിരം കിടപ്പുണ്ട്. ഒളിമ്പ്യൻമാരായ ശിഷ്യർ സമ്മാനിച്ച വിശേഷമോതിരങ്ങൾ. കായികവേദിയിലെ ഷഷ്ട്യബ്ദപൂർത്തിയുടെ നിറവിൽ നിൽക്കുന്ന മാഷിന്റെ സഫല ജീവിതത്തിന്റെ സാക്ഷ്യമുദ്രകളാണീ മോതിരങ്ങൾ. ''എന്റെ പ്രിയപ്പെട്ട ശിഷ്യർ എന്നെ കാണാനെത്തുമ്പോൾ ആദ്യം കാൽതൊട്ട് തൊഴും. പിന്നെയവർ എന്റെ കൈവിരലുകളിലേക്ക് ശ്രദ്ധിക്കും. ഈ മുദ്രമോതിരങ്ങൾ ഉണ്ടോ എന്നറിയാൻ. അതിനാൽ ഞാനിത് ഊരാതെ സൂക്ഷിക്കുകയാണ് അദ്ദേഹം പറഞ്ഞു.

1963 ൽ 21ാം വയസിൽ ആർമിയിൽ നിന്നാരംഭിച്ച അത് ലറ്റിക് പരിശീലനം 80ാം വയസിലും തുടരുകയാണ് ഇദ്ദേഹം. ഇതിനോടകം 16 തവണ സംസ്ഥാന സ്‌കൂൾ ചാമ്പ്യൻ പട്ടം കോട്ടയം ജില്ലയ്ക്ക്‌ നേടിക്കൊടുക്കാൻ മാഷിന് കഴിഞ്ഞു. ഒളിമ്പ്യൻമാരായ ശിഷ്യർ അഞ്ജു ബോബി ജോർജ്ജ് നവരത്‌നമോതിരവും ജിൻസി ഫിലിപ്പ്‌ പേരെഴുതിയ സുവർണ്ണമോതിരവും ആദ്യശിഷ്യ മോളി ചാക്കോ ചെമ്പവിഴം കോർത്തുകെട്ടിയ മോതിരവുമാണ് പ്രിയ ഗുരുവിന് സമർപ്പിച്ചത്.

ഈ രീതിയിൽ പോയാൽ കേരളം പച്ച തൊടില്ല.

''വേണ്ടത്ര കായികാദ്ധ്യാപകരില്ല, കായികപരിശീലനങ്ങളില്ല, മിടുക്കരായ കായികപ്രതിഭകൾ നമ്മുക്കുണ്ടെങ്കിലും ഈ രീതിയാലാണ്‌ കേരളം മുന്നോട്ടുപോകുന്നതെങ്കിൽ ദേശീയ സ്‌കൂൾ മീറ്റിൽ പച്ചതൊടില്ലെന്ന് തോമസ് മാഷ് പറഞ്ഞു. സ്‌കൂളുകളിലെ കായികാദ്ധ്യാപകരുടെ ഒഴിവുകൾ എത്രയും വേഗം നികത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. അയ്യായിരം കായികാദ്ധ്യാപകരുണ്ടായിരുന്ന കേരളത്തിൽ ഇന്ന് 1500 മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായികാദ്ധ്യാപകരുടെ പ്രതിഷേധവുമായി ഗ്രൗണ്ടുണർന്നു.

റവന്യു ജില്ലാ സ്‌കൂൾ കായികമേളയുടെ ആദ്യ ദിനം മത്സരങ്ങളുടെ തുടക്കത്തിൽ ട്രാക്കുണർന്നത് കായികാദ്ധ്യാപകരുടെ പ്രതിഷേധത്തോടെ.

കാലാകാലങ്ങളായി കായികാദ്ധ്യാപകരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും തസ്തികയും ജോലിയും നഷ്ടപ്പെട്ട സാഹചര്യത്തിലുമായിരുന്നു പ്രതിഷേധം. തുടർന്ന് ഉദ്ഘാടകനായ ജോസ് കെ മാണി എംപിയ്ക്ക് അവർ നിവേദനവും നൽകി. പ്രതിഷേധ സമരത്തിന് സംയുക്ത സമരസമിതി ചെയർമാൻ ജോസിറ്റ്‌ ജോൺ, ജില്ലാ പ്രസിഡന്റ് ഡെന്നിസൺ ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു തൈക്കടവൻ തുടങ്ങിയവർ നേതൃത്വം നൽകി.

അമ്പോ എന്തൊരു ചൂട് .

മത്സരങ്ങളുടെ ചൂടിനൊപ്പം മുനിസിപ്പൽ സ്റ്റേഡിയത്തിലെ പൊരിവെയിലിൽ വാടിത്തളർന്ന് കൗമാര കായികതാരങ്ങൾ. ഓട്ടമത്സരത്തിനുള്ള ജൂനിയർ പെൺകുട്ടികളെ സ്റ്റേഡിയത്തിൽ പൊരിവെയിലിൽ കായികാദ്ധ്യാപകരുടെ ഇടയിൽ തന്നെ ഇരുത്തിയത് അമർഷത്തിനിടയാക്കി. രണ്ട് മണിക്കൂറോളം വെയിലത്തിരുന്ന കുട്ടികൾ വാടിത്തളർന്നു.

രണ്ടായിരം മത്സരാർത്ഥികൾ, കൈകഴുകാൻ മൂന്ന് പൈപ്പ്.

രണ്ടായിരം കുട്ടികൾക്ക് കൈകഴുകാൻ മൂന്ന് താത്ക്കാലിക പൈപ്പുകൾ മാത്രം.മേളയിൽ പങ്കെടുത്ത ഒഫീഷ്യൽസുകൾക്ക് മാത്രമേ സൗജന്യ ഭക്ഷണം ഏർപ്പാടാക്കിയിരുന്നുള്ളു. കായിക താരങ്ങൾ വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരികയായിരുന്നു. മുൻ വർഷങ്ങളിൽ കായികതാരങ്ങൾക്ക് സൗജന്യ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു. ഫണ്ടില്ലാത്തതിനാലാണ് ഇത്തവണ കുട്ടികൾക്കുള്ള ഭക്ഷണംവേണ്ടെന്ന് വച്ചതെന്ന് സംഘാടകർ പറഞ്ഞു.