kakka-

കോട്ടയം . സംഭരിക്കാൻ ആളില്ലാത്തതിനെ തുടർന്ന് ടൺ കണക്കിന് പച്ചകക്ക കക്കാ വ്യവസായ സഹകരണ സംഘങ്ങളിൽ കെട്ടിക്കിടക്കുന്നു. സംസ്ഥാനത്ത് പച്ചകക്കാ സംഭരിക്കുന്ന 13 സഹകരണ സംഘങ്ങളാണുള്ളത്. ഇതിൽ 9 സഹകരണ സംഘങ്ങൾ ആലപ്പുഴയിലും, കുമരകം, വെച്ചൂർ എന്നിങ്ങനെ കോട്ടയം ജില്ലയിലുമാണ് സ്ഥിതിചെയ്യുന്നത്. കക്കാ സംഭരിച്ച് സഹകരണ സംഘങ്ങൾ വഴി വ്യവസായ ആവശ്യത്തിന് വിതരണം ചെയ്യും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലാളികൾക്ക് നൽകും. 5 ശതമാനം ടാക്‌സും സർക്കാരിലേക്ക് അടയ്ക്കണം. നിലവിൽ ജില്ലയിലെ സംഘങ്ങളിൽ ഏകദേശം 10 ലക്ഷം രൂപയുടെ 100 ടൺ പച്ചകക്കായാണ് സംഭരിക്കാൻ ആളില്ലാതെ കിടക്കുന്നത്. 282 തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായി 500 ഓളം പേർ മേഖലയിലുണ്ട്. വേമ്പനാട്ടുകായലിൽ നിന്ന് വാരി എടുക്കുന്ന കറുത്തകക്കായും, വെള്ള കക്കായുമാണ് സഹകരണ സംഘങ്ങൾ സംഭരിക്കുന്നത്. കറുത്തകക്കായാണ് സബ്‌സിഡി കക്കയായി നൽകുന്നത്.

വിപണിയും തവിടുപൊടി.

വെള്ളകക്ക കിലോയുടെ വില 10 രൂപ 80 പൈസയും കറുത്ത കക്കായ്ക്ക് കിലോ 5 രൂപ 75 പൈസയുമാണ് വില. 3 രൂപ 15 പൈസയാണ് കാൽസ്യം പൗഡറുകളുടെ വില. കക്കായ്ക്ക് പകരം കുറഞ്ഞവിലയിൽ ലഭിക്കുന്ന കാത്സ്യം പൗഡർ പൗൾട്രി ഫാമുകൾ ഉപയോഗിക്കാൻ തുടങ്ങിയതും തിരിച്ചടിയായി. തൊഴിലാളികളുടെ കൂലി, ടാക്‌സ് എന്നിവ മൂലം കക്കായുടെ വില വർദ്ധിപ്പിച്ചതോടെ വിപണിയും ഇല്ലാതായി.

കുമരകം കക്കാ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ.എസ് സലിമോൻ പറയുന്നു.

കാർഷിക ആവശ്യത്തിനായി കൃഷിഭവൻവഴി വിതരണം ചെയ്യുന്ന നീറ്റുകക്കായ്ക്ക് ആവശ്യമായ പച്ചകക്ക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത് മേഖലയെ രക്ഷിക്കണം. പേപ്പറിന്റെ പൾപ്പ് നിർമിക്കുന്നതിന് ആവശ്യമായ കക്ക, കെ പി പി എൽ എടുക്കാൻ തയ്യാറാകണം.