കോട്ടയം: ആരെയും അപമാനിക്കാവുന്ന അപകടമായ രീതിയിലേയ്ക്ക് സമൂഹ മാദ്ധ്യമങ്ങൾ മാറിയെന്നും സമൂഹ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇല്ലാത്ത വാർത്തകൾ ശൂന്യാകാശത്ത് നിന്ന് സൃഷ്ടിക്കപ്പെടുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്മൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച എഴുത്തുകാരനും മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജുമായിരുന്ന കെ.പത്മനാഭൻ നായർ അനുസ്മരണം സ്മൃതി പത്മം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് സ്ത്രീകളാണ്. എന്തും തെറ്റായി പ്രചരിപ്പിക്കുന്ന നിലയിലേയ്ക്ക് സമൂഹ മാദ്ധ്യമങ്ങൾ മാറി. മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് പ്രസക്തിയില്ലാത്ത വിധം സമൂഹ മാദ്ധ്യമങ്ങൾ പുതുതലമുറയിൽ വേരുറപ്പിച്ചു. വേഗത്തിൽ വാർത്ത നൽകാനുള്ള മത്സരത്തിനിടെ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെറ്റുപറ്റിയാൽ തിരുത്തുന്ന രീതിപോലും ഇല്ലാതായി. മാദ്ധ്യമങ്ങളെ ഭരണകൂടം പർച്ചേസ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ അസോസ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി.ജി.ശ്രീകുമാർ സ്വാഗതവും ജയകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.