thomas

പാലാ .കായികാചാര്യനായ കെ പി തോമസ് മാഷിന്റെ കൈവിരലുകളിൽ മൂന്ന് മുദ്രമോതിരം കിടപ്പുണ്ട്. ഒളിമ്പ്യൻമാരായ ശിഷ്യർ സമ്മാനിച്ച വിശേഷമോതിരങ്ങൾ. കായികവേദിയിലെ ഷഷ്ട്യബ്ദപൂർത്തിയുടെ നിറവിൽ നിൽക്കുന്ന മാഷിന്റെ സഫല ജീവിതത്തിന്റെ സാക്ഷ്യമുദ്രകളാണീ മോതിരങ്ങൾ. ''എന്റെ പ്രിയപ്പെട്ട ശിഷ്യർ എന്നെ കാണാനെത്തുമ്പോൾ ആദ്യം കാൽതൊട്ട് തൊഴും. പിന്നെയവർ എന്റെ കൈവിരലുകളിലേക്ക് ശ്രദ്ധിക്കും. ഈ മുദ്രമോതിരങ്ങൾ ഉണ്ടോ എന്നറിയാൻ. അതിനാൽ ഞാനിത് ഊരാതെ സൂക്ഷിക്കുകയാണ് അദ്ദേഹം പറഞ്ഞു.

1963 ൽ 21ാം വയസിൽ ആർമിയിൽ നിന്നാരംഭിച്ച അത് ലറ്റിക് പരിശീലനം 80ാം വയസിലും തുടരുകയാണ് ഇദ്ദേഹം. ഇതിനോടകം 16 തവണ സംസ്ഥാന സ്‌കൂൾ ചാമ്പ്യൻ പട്ടം കോട്ടയം ജില്ലയ്ക്ക്‌ നേടിക്കൊടുക്കാൻ മാഷിന് കഴിഞ്ഞു. ഒളിമ്പ്യൻമാരായ ശിഷ്യർ അഞ്ജു ബോബി ജോർജ്ജ് നവരത്‌നമോതിരവും ജിൻസി ഫിലിപ്പ്‌ പേരെഴുതിയ സുവർണ്ണമോതിരവും ആദ്യശിഷ്യ മോളി ചാക്കോ ചെമ്പവിഴം കോർത്തുകെട്ടിയ മോതിരവുമാണ് പ്രിയ ഗുരുവിന് സമർപ്പിച്ചത്.

ഈ രീതിയിൽ പോയാൽ കേരളം പച്ച തൊടില്ല.

''വേണ്ടത്ര കായികാദ്ധ്യാപകരില്ല, കായികപരിശീലനങ്ങളില്ല, മിടുക്കരായ കായികപ്രതിഭകൾ നമ്മുക്കുണ്ടെങ്കിലും ഈ രീതിയാലാണ്‌ കേരളം മുന്നോട്ടുപോകുന്നതെങ്കിൽ ദേശീയ സ്‌കൂൾ മീറ്റിൽ പച്ചതൊടില്ലെന്ന് തോമസ് മാഷ് പറഞ്ഞു. സ്‌കൂളുകളിലെ കായികാദ്ധ്യാപകരുടെ ഒഴിവുകൾ എത്രയും വേഗം നികത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. അയ്യായിരം കായികാദ്ധ്യാപകരുണ്ടായിരുന്ന കേരളത്തിൽ ഇന്ന് 1500 മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.