
പാലാ . ഇടുക്കി ജില്ലാ കായികമേളയിലെ മിന്നും പ്രകടനം കണ്ടാണ് തോമസ് മാഷ് ബേസിലിനെ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിലേക്ക് ക്ഷണിച്ചത്. മാഷിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് വർഷം മുൻപ് പൂഞ്ഞാറിലെത്തിയ ബേസിൽ ബിനോയ് ഇത്തവണത്തെ ജില്ലാ സ്കൂൾ കായികമേളയിൽ നേടിയത് റെക്കാഡും ഇരട്ടസ്വർണവും. ഇടുക്കി വണ്ണപ്പുറം സ്വദേശിയായ ബേസിൽ സീനിയർ വിഭാഗം ലോംഗ് ജമ്പിലും സീനിയർ 100 മീറ്ററിലും ഒന്നാം സ്ഥാനം നേടി. ലോംഗ് ജമ്പിൽ 6.50 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. ഓട്ടത്തിൽ മീറ്റിലെ വേഗമേറിയ താരമായതിനൊപ്പം 20 വർഷത്തെ റെക്കാഡും തിരുത്തി ഈ പ്ലസ് ടുകാരൻ. റോഷൻ ഐസക് 2002ൽ സ്ഥാപിച്ച 10.90 റെക്കാഡാണ് ബേസിൽ തകർത്തത്. നാഷണൽ മീറ്റിൽ പങ്കെടുക്കാനായി അടുത്ത ദിവസം പുറപ്പെടും. പുൽപ്പറമ്പിൽ ബിനോയ് - ജിസ്മി ദമ്പതികളുടെ മകനാണ്. ജില്ലാ കായികമേളയിൽ ലോംഗ് ജമ്പ്, 100, 200 മീറ്റർ ആണ് ഇനങ്ങൾ.