
പാലാ . ട്രാക്കിൽ കുതിച്ചുപാഞ്ഞും ഫീൽഡിൽ ചാടിയുയർന്നും വീറോടെ എറിഞ്ഞും താരങ്ങൾ കസറിയപ്പോൾ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം ആവേശകരം. കൊവിഡ് തീർത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കായികമേളയെ ഏവരും അത്യാവേശത്തോടെയാണ് വരവേറ്റത്. ആദ്യദിനം 32 ഇനങ്ങൾ പൂർത്തിയായപ്പോൾ 14 സ്വർണവും 10 വെള്ളിയും 6 വെങ്കലവുമായി 106 പോയിന്റ് നേടി ഈരാറ്റുപേട്ട ഉപജില്ലയാണ് ഒന്നാമത്. 6 സ്വർണവും 5 വെള്ളിയും 3 വെങ്കലവുമായി 48 പോയിന്റോടെ പാലാ രണ്ടാമതും, 4 സ്വർണം, 2 വെള്ളി, 7 വെങ്കലം നേടി 33 പോയിന്റുമായി കാഞ്ഞിരപ്പള്ളി മൂന്നാമതും തുടരുന്നു.
സ്കൂളുകളിൽ 14 സ്വർണം 9 വെള്ളി 5 വെങ്കലം നേടി 102 പോയിന്റുമായി പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് ബഹുദൂരം മുന്നിലാണ്. 5 സ്വർണം, 3 വെള്ളി, 1 വെങ്കലം നേടി 35 പോയിന്റുമായി പാലാ സെന്റ് തോമസ് എച്ച് എസ് എസ് രണ്ടാമതും, 12 പോയിന്റുമായി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് മൂന്നാമതുമാണ്.
ആദ്യ സ്വർണം എൽദോസിന്.
മേളയിൽ ആദ്യ സ്വർണം നേടിയ എൽദോസ് പി ഷിബുവിലൂടെ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് അക്കൗണ്ട് തുറന്നു. 5 കിലോമീറ്റർ നടത്തമായിരുന്നു ആദ്യ ഇനം. തൊട്ടുപിന്നാലെ നടന്ന 3 കിലോമീറ്റർ നടത്തത്തിൽ കെ എ അഞ്ജുവിലൂടെ പൂഞ്ഞാർ എസ് എം വി രണ്ടാം സ്വർണം നേടി. ആദ്യദിനം രണ്ട് മീറ്റ് റെക്കാഡുകൾ പിറന്നു. സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ ബേസിൽ ബിനോയ്, ജൂനിയർ വിഭാഗം 800 മീറ്ററിൽ മുഹമ്മദ് സ്വാലഹും ആണ് റെക്കാഡ് കരസ്ഥമാക്കിയത്.