ലൈസൻസില്ലാതെ നഗരസഭ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം

പാലാ: ലൈസൻസും മറ്റനുമതികളൊന്നുമില്ലാതെ പാലാ നഗരസഭയുടെ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. ആരംഭിച്ചിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും ഇതേവരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് പോലും നഗരസഭാ അധികാരികൾ എടുക്കാത്തതാണ് വിവാദമായിരിക്കുന്നത്. നഗരത്തിൽ ഒരു മുറുക്കാൻകടയ്ക്ക് പോലും ലൈസൻസ് നിർബന്ധമാക്കിയിട്ടുള്ള നഗരസഭാ അധികാരികളാണ് തങ്ങളുടെ സ്വന്തം ഹോട്ടൽ ഒരു ലൈസൻസുമില്ലാതെ ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകുന്നത്.

പാലാ കിഴതടിയൂർ ലാബിന് എതിർവശമാണ് നഗരസഭയുടെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ദിവസേന മൂന്നൂറോളം പേർക്ക് ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. രാവിലെ ഇഡ്ഡലിയും ഉച്ചയ്ക്ക് ഊണും വൈകിട്ട് ചപ്പാത്തിയുമാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വിതരണം ചെയ്യുന്നത്. ജനകീയ ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടത്തിനും ഇതേവരെ മുനിസിപ്പാലിറ്റി ലൈസൻസ് കൊടുത്തിട്ടില്ല. കുടുംബശ്രീ സംരംഭമായ ഹരിതശ്രീ കേറ്ററിംഗ് യൂണിറ്റാണ് ഇവിടെ ജനകീയ ഭക്ഷണശാല നടത്തുന്നത്. ഇതിന് കെട്ടിട നമ്പർ നൽകാൻ പോലും നഗരസഭാ അധികാരികൾ തുനിഞ്ഞിട്ടില്ല. കേരള മുനിസിപ്പാലിറ്റീസ് കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം നിയമങ്ങൾ പാലിക്കപ്പെടാത്തതിനാലാണ് ലൈസൻസ് നൽകാത്തതെന്ന് മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം പറയുന്നു.

ഗുരുതരമായ സ്ഥിതിവിശേഷം

നഗരസഭയുടെ ജനകീയ ഭക്ഷണശാല ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് ഗുരുതമായ നിയമ ലംഘനമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികാരികൾ പറയുന്നു. ഇവിടെനിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ നിന്ന് എന്തെങ്കിലും വിഷബാധ കഴിക്കുന്നവർക്കുണ്ടായാൽ പരിപൂർണ്ണ ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കായിരിക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് ചൂണ്ടിക്കാട്ടി. അതേസമയം നഗരസഭയുടെ ജനകീയ ഭക്ഷണശാലയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന കൗൺസിൽ യോഗം അടിയന്തിര തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്
പാലാ നഗരസഭാ വക ജനകീയ ഹോട്ടലിൽ നടക്കുന്ന ഉച്ചഭക്ഷണ വിതരണം