എരുമേലി: തീർത്ഥാടനകാല മുന്നൊരുക്കങ്ങൾ ഇഴഞ്ഞു നീങ്ങുന്നു എന്ന പരാതിയ്ക്കിടെ നാളെ ഉന്നതതല യോഗം ചേരും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കളക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മുന്നൊരുക്കങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല. എല്ലാം പതിവുപോലെ ഇക്കുറിയും ഇഴഞ്ഞു നീങ്ങുകയാണ്. കൊവിഡിന് ശേഷമെത്തുന്ന തീർത്ഥാടന കാലമെന്ന നിലയിൽ വലിയ ഭക്തജന തിരക്കാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. പക്ഷേ ഇത് കണക്കിലെടുത്തുള്ള ക്രമീകരണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കൊവിഡിന് മുൻപ് എല്ലാ വർഷവും എരുമേലിയിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മന്ത്രിതല യോഗം ചേർന്നിരുന്നു. എന്നാൽ തീർത്ഥാടന കാലമടുത്തെത്തിയിട്ടും ഇതു വരെ ഇതുണ്ടായിട്ടില്ല.ആകെ നടന്നത് ജില്ലാ പൊലീസ് മേധാവി വിളിച്ച് ചേർത്ത ഒരു യോഗം മാത്രമാണ്. ബാക്കിയുള്ളതാകട്ടെ വിവിധ വകുപ്പുകൾ സ്വന്തമായി വിളിച്ച ചേർത്ത യോഗങ്ങളും. നാളെ നടക്കുന്ന യോഗത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.