പാലാ: നഗരസഭയുടെ ജനകീയ ഭക്ഷണശാല ഏതുവിധേനയും നിലനിർത്താൻ പാലാ നഗരസഭാ യോഗം തീരുമാനിച്ചു.

നിലവിൽ ജനകീയ ഹോട്ടലിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ ഇത് ലഭ്യമാക്കുന്നതിന് സർക്കാരിലേക്ക് ഉടൻ അപേക്ഷ നൽകും. മുനിസിപ്പൽ ചട്ടപ്രകാരം കെട്ടിടത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലൈസൻസ് ലഭിക്കാൻ ഇളവുകൾ അനുവദിക്കാൻ സർക്കാരിനേ കഴിയൂ എന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര കൗൺസിലിനെ അറിയിച്ചു.

ജനകീയ ഹോട്ടൽ നിലനിർത്തുന്നതിന് നിയമാനുസൃതം വേണ്ട കാര്യങ്ങളെല്ലാം ഉടനടി ചെയ്യുമെന്നും ചെയർമാൻ കൗൺസിലിനെ അറിയിച്ചു. ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ജനകീയ ഹോട്ടൽ ഒരു കാരണവശാലും നിർത്താൻ പാടില്ലെന്ന് പ്രതിപക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പറഞ്ഞു. അതേസമയം ലൈസൻസോടുകൂടി മാത്രമേ ഹോട്ടൽ പ്രവർത്തിപ്പിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു.

നിലവിൽ ഭക്ഷണം കുടുംബശ്രീ പ്രവർത്തകർ വീട്ടിൽ ഉണ്ടാക്കിയാണ് കൊണ്ടുവരുന്നതെന്നും ജനകീയ ഹോട്ടലിൽ വച്ച് ഇത് വിതരണം ചെയ്യുന്നതേയുള്ളൂവെന്നും ചെയർമാൻ ചൂണ്ടിക്കാട്ടി. ചർച്ചകളിൽ അഡ്വ. ബിനു പുളിക്കക്കണ്ടം, തോമസ് പീറ്റർ, ജിമ്മി ജോസഫ്, പ്രൊഫ. സതീശ് ചൊള്ളാനി, വി.സി. പ്രിൻസ്, ലീന സണ്ണി, ഷാജു വി. തുരുത്തൻ തുടങ്ങിയവർ പങ്കെടുത്തു.