പാലാ: 'അന്നൊക്കെ സാറിന്റെയൊരു നോട്ടം മതിയായിരുന്നു. ഞങ്ങൾ കിടുകിടെ വിറയ്ക്കുമായിരുന്നു... ആവേശത്തെടെ പാലായിലെ മൈതാനത്ത് എത്രയോവട്ടം ഓടിയിരിക്കുന്നു. അതൊക്കെ പിന്നീട് വിജയകിരീടം ചൂടിയുള്ള ഓട്ടങ്ങളുമായി....' പഴയകാല കായികതാരം വി.എം. ആലിയെന്ന ഇപ്പോഴത്തെ സിസ്റ്റർ റോജിൻ പറഞ്ഞുനിർത്തുമ്പോൾ കേട്ടുനിന്ന മറ്റ് ഗുരുജനങ്ങളെല്ലാം പൊട്ടിച്ചിരിച്ചു.

റിട്ട. കായികാദ്ധ്യാപകരായ വി.സി. ജോസഫ്, ഒ.എം. ജോസഫ് എന്നിവരെ നോക്കിയായിരുന്നു 59കാരി സിസ്റ്റർ റോജിന്റെ കമന്റ്.

ഇന്നലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൗമാര കായികതാരങ്ങളുടെ കുതിപ്പ് തുടർന്നപ്പോൾ ഒരു വിളിപ്പാടകലെയുള്ള അവർ ഒത്തുകൂടി; പഴയകാല കായികാദ്ധ്യാപകർ. എല്ലാവരും 60 പിന്നിട്ടവർ.

ഓർമ്മകളുടെ വിസിൽ മുഴങ്ങുമ്പോൾ ആവേശത്തോടെ അവരെല്ലാം ഉഷാറായി. 40ഓളം പേരാണ് ഇന്നലെ റിട്ടയേർഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ ബാനറിൽ ഒത്തുകൂടിയത്.

1978ൽ പാലായിൽ സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പ് വന്നപ്പോൾ അന്നത്തെ മുഖ്യസംഘാടകനും നൂറുകണക്കിന് കായിക പ്രതിഭകളുടെ ഗുരുവും കൂടിയായ വി.സി. ജോസഫ് മാഷിന്റെ നേതൃത്വത്തിലായിരുന്നു പഴയകാല കായികാദ്ധ്യാപകരുടെ സംഗമം.

വിരമിച്ച കായികാദ്ധ്യാപകരുടെ സംഘടനയുടെ 12ാമത് പൊതുയോഗമാണ് ഇന്നലെ നടന്നത്. അത് കോട്ടയം റവന്യു ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിനോടനുബന്ധിച്ചായി എന്നത് തികച്ചും യാദൃശ്ചികം. കഴിഞ്ഞ 2 വർഷത്തിനിടെ ഈ കൂട്ടായ്മയിലെ ഏഴു പേർക്ക് ജീവിതകളിയുടെ ഫൈനൽ വിസിലും മുഴങ്ങി. അവരെ അനുസ്മരിച്ചു കൊണ്ടാണ് ഇന്നലെ സംഗമം തുടങ്ങിയത്.

40ഓളം മുൻകാല കായികാദ്ധ്യാപകരാണ് സംഗമത്തിൽ പങ്കെടുത്തത്. ഇവരിൽ ഭൂരിപക്ഷം പേരുടെയും ശിഷ്യരാണ് ഇപ്പോഴത്തെ കായികാദ്ധ്യാപകരിൽ 99 ശതമാനവും.

സംഘടനയിലെ ഏറ്റവും മുതിർന്ന അംഗം നവതിയുടെ നിറവിലെത്തിയ കെ. മാണി ഐക്കരയേയും 85 വയസ് പൂർത്തിയാക്കിയ മത്തായി ജോസഫ് ഊട്ടുകുളത്തിനേയും സമ്മേളനത്തിൽ പ്രത്യേകം ആദരിച്ചു. വി.സി. ജോസഫ്, വി.ജെ. തോമസ്, മത്തായി ജോസഫ്, സിസ്റ്റർ റോജിൻ, ഒ.എം. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.