വൈക്കം: ജീവനക്കാരൻ വിരമിച്ചതിനെ തുടർന്ന് നിലച്ച വലിയാനപ്പുഴയ്ക്ക് കുറുകെയുള്ള തോട്ടകം ചെട്ടിമംഗലം കടത്ത് പുനരാരംഭിക്കാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കടത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 31ന് ജീവനക്കാരൻ വിരമിച്ചതോടെ കടത്ത് നിലയ്ക്കുകയായിരുന്നു. ചെട്ടിമംഗലത്ത് നിന്നും എളുപ്പത്തിൽ തോട്ടകത്തേക്ക് പോകാനുള്ള മാർഗം കൂടിയായിരുന്നു ഈ കടത്ത്. കടത്ത് നിർത്തിയതോടെ കിലോമീറ്റർ ചുറ്റിവളഞ്ഞുവേണം നാട്ടുകാർക്ക് പുറംലോകത്തേക്ക് എത്താൻ. വെള്ളത്താൽ ചുറ്റപ്പെട്ട ചെട്ടിമംഗലം പ്രദേശത്തേക്ക് ബസ് സർവീസോ മറ്റു യാത്രാ സൗകര്യങ്ങളോ ഇല്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ കടത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. എം.സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത്, കെ.കെ.സാബു, പി.ബാബു, സി.ജി.സന്ദീപ്, ടി.എ.ജോസഫ് എന്നിവർ പ്രസംഗിച്ചു.