ശബരിമല തീർത്ഥാടനകാലയളവിൽ വാഹനത്തിരക്കേറും

മുണ്ടക്കയം: ഏത് നിമിഷവും അപകടം സംഭവിക്കാം. കൊട്ടാരക്കര ദിണ്ടിക്കൽ ദേശീയപാതയിലെ നിലവിലെ അവസ്ഥ ഇതാണ്. ശബരിമല തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ദേശീയപാതയിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനും ഇടയിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ഇനിയും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. തീർത്ഥാടന കാലങ്ങളിൽ ചെറുതും വലുതുമായ അമ്പതോളം അപകടങ്ങളാണ് ഓരോ വർഷവും ഈ റോഡിൽ സംഭവിക്കുന്നത്. നിരവധി ജീവനുകളും ഇവിടങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയപാതയിൽ സുരക്ഷാ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ ഓരോ വർഷവും നടക്കാറുണ്ടെങ്കിലും ഈ വർഷം അതുണ്ടായില്ല. പല സ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിൽ കാട് വളർന്ന് എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ കഴിയാത്ത സാഹചര്യമുണ്ട്. ഏതുനിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിലുള്ള മരങ്ങളും ഭീഷണിയാണ്. ബാരിക്കേടുകൾ എല്ലാം തന്നെ കാടുകയറി കൂടിയ നിലയിലാണ്. സിഗ്നൽ ലൈറ്റുകൾ കാണാൻ കഴിയാത്തത് മൂലം അപകടങ്ങൾ വർദ്ധിക്കാൻ സാധ്യത ഏറെയാണ്. അപകടമേഖലയായചാമപ്പാറ വളവിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമാണ്. പ്രളയത്തിൽ വണ്ടിപ്പെരിയാറിനും മുണ്ടക്കയത്തിനും മദ്ധ്യേ ദേശീയപാതയിൽ 8 ഇടങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നിരുന്നു. തീർത്ഥാടന കാലത്തിന് മുന്നോടിയായി ഇവയുടെ നവീകരണം പൂർത്തിയാക്കുമെന്ന് അറിയിച്ചെങ്കിലും മൂന്നു ഇടങ്ങളിൽ മാത്രമാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. ഒരു വശത്തുകൂടി മാത്രം വാഹനം കടത്തിവിടുന്നത് മൂലം ദേശീയപാതയിൽ ഗതാഗതകുരുക്കിനും സാധ്യതയുണ്ട്.

സുരക്ഷയ്ക്ക് വീപ്പ...

കൊടുകുത്തിക്ക് മുകൾഭാഗത്തുള്ള കൊടുംവളവിൽ ബാരിക്കേടുകൾ തകർന്ന ഭാഗത്ത് വീപ്പ വെച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മണ്ഡലകാലത്ത് വാഹനത്തിരക്ക് ഏറുന്നതോടെ ഇവിടെ അപകടങ്ങൾ വർദ്ധിക്കാൻ സാധ്യത ഏറെയാണ്.