എരുമേലി: അപകടമേഖലയായി മുക്കൂട്ടുതറ-ഇടകടത്തി-കണമല പാതയിലെ അരിവച്ചാംകുഴി ജംഗ്ഷൻ. ദിവസേന സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ബസ് കാത്തുനിൽക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. നവീകരിച്ച ആയിത്തലപ്പടി- അരിവച്ചാംകുഴി തീരദേശ റോഡ് വന്നുചേരുന്ന ഭാഗം കൂടിയാണിത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജംഗ്ഷനിൽ ബൈക്കും ലോറി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. ജംഗ്ഷനിൽ ദിശ ബോർഡുകളോ സൂചന ബോർഡുകളോ, വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ഇല്ല. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വളർന്നുനിൽക്കുന്ന കാടുകളും അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. സീസണായാൽ ഈ മേഖലയിൽ വാഹനങ്ങളുടെ തിരക്കേറും. ഈ സാഹചര്യത്തിൽ സൂചന ബോർഡുകളും ദിശ ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.