വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സി.പി.എം വൈക്കം ഏരിയാ കമ്മ​റ്റി മുൻ അംഗവും നഗരസഭ കൗൺസിലറുമായ കെ.പി സതീശൻ ഉൾപ്പെടെ നാല് പേർക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു.

റിട്ട.എസ്‌.ഐ വൈക്കം കാരയിൽ മാനശേരിൽ എം.കെ സുരേന്ദ്രന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കെ.പി.സതീശൻ, ഭാര്യ രേണുക, വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവർ ചേർന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
മകന് ജോലി ലഭിക്കുന്നതിനായാണ് സുരേന്ദ്രൻ പണം നൽകിയത്. 6 ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ ഗാർഡായി ജോലി നേടിക്കൊടുക്കാം എന്നായിരുന്നു വാഗ്ദാനം. 50,000 രൂപ 2019 ഡിസംബറിൽ സതീശന്റെ വീട്ടിൽ എത്തിച്ചുകൊടുത്തെന്നും 2020 ജനുവരിയിൽ അന്നത്തെ ദേവസ്വം മന്ത്റി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വെച്ചൂർ സ്വദേശി ബിനീഷിന് വേണ്ടിയെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപയും ഫെബ്രുവരിയിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് നൽകാനെന്നു പറഞ്ഞ് ഒരു ലക്ഷം രൂപയും സതീശൻ വാങ്ങിയെന്ന് സുരേന്ദ്രന്റെ പരാതിയിൽ പറയുന്നു. തുടർന്ന് കോട്ടയം സ്വദേശി അക്ഷയ് എന്നയാളുടെ അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. ബിനീഷാണ് അക്കൗണ്ട് നമ്പർ നൽകിയത്. 2021 മാർച്ചിൽ ഈ തുക ബാങ്ക് വഴി നൽകിയെന്നും പിന്നീടും പലപ്പോഴായി പണം വാങ്ങിയെന്നും സുരേന്ദ്രൻ പറയുന്നു. എന്നാൽ, ജോലി കിട്ടിയില്ല. പിന്നീട് പല തവണ ഇവരെ ഫോണിൽ വിളിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ല.

നേരിട്ട് പണം വാങ്ങിയിട്ടില്ല

സുരേന്ദ്രന്റെ പക്കൽ നിന്നും താൻ പണം വാങ്ങിയിട്ടില്ലെന്നും ബിനീഷിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കെ.പി സതീശൻ പറഞ്ഞു.

മുന്നണിക്കും അനഭിമതൻ

നഗരസഭയിലെ സി.പി.എമ്മിന്റേയും എൽ.ഡി.എഫിന്റേയും പാർലമെന്ററി പാർട്ടി ലീഡറായിരുന്ന കെ.പി സതീശനെ ഘടകകക്ഷികളുടെ എതിർപ്പിനെ തുടർന്ന് പാർട്ടി ആ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. ഭരണത്തിലുള്ള കോൺഗ്രസുമായി അവിശുദ്ധ സഖ്യമുണ്ടാക്കി എൽ.ഡി.എഫ് തീരുമാനങ്ങളെ അട്ടിമറിക്കുന്നുവെന്നും അഴിമതി നടത്തുന്നുവെന്നുമായിരുന്നു ഘടകകക്ഷികളുടെ പരാതി.