വൈക്കം : ജനഹൃദയങ്ങളിൽ ഇടം നേടിയ ആ മന്ദസ്മിതം കാൻവാസിൽ പകർത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മനം കവർന്ന് പത്തു വയസ്സുകാരൻ ആൽഫിൻ ജെ.തൂഫാൻ. യോഗം ജനറൽ സെക്രട്ടറിയെ ചിത്രകലയുടെ നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റൽ പെയിന്റിംഗിലൂടെ ആൽഫിൻ വരച്ചത് സ്വതസിദ്ധമായ ചിരിയുമായി നേരിൽ കാണുന്നത് പോലെയായിരുന്നു. ആൽഫിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഈ കൊച്ചുമിടുക്കൻ ലോകമറിയുന്ന കലാകാരനായി മാറുന്ന കാലം വിദൂരമല്ലെന്നും ചിത്രം ഏറ്റുവാങ്ങി വെള്ളാപ്പള്ളി പറഞ്ഞു. താൻ വരച്ച ശ്രീനാരായണ ഗുരുദേവന്റെയും പ്രീതി നടേശന്റെയും ചിത്രങ്ങളും ആൽഫിൻ വെള്ളാപ്പള്ളിയ്ക്ക് കൈമാറി. 25000 രൂപ ആൽഫിന് പ്രോത്സാഹന സമ്മാനമായി നൽകി. വൈക്കം ആശ്രമം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽഫിൻ. ലോക് ഡൗൺ സമയത്ത് മുഖ്യമന്ത്റി പിണറായി വിജയന്റെ ചിത്രം 40 മിനി​റ്റുകൊണ്ട് വരച്ചത് സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. കലാമേളകളിലും സ്‌കൂൾ കലോത്സവങ്ങളിലും ചിത്രരചനയിൽ ആൽഫിൻ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. വൈക്കത്തഷ്ടമി ഉത്സവത്തിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഹസ്സിനോടനുബന്ധിച്ച് മഹാദേവക്ഷേത്രത്തിൽ ദ‌ശനം നടത്തിയ ശേഷം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷിന്റെ വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ആൽഫിൻ വെള്ളാപ്പള്ളിയെ കാണാനെത്തി ചിത്രങ്ങൾ നൽകിയത്. ചിത്രകാരനായ ചെമ്മനത്തുകര വാഴക്കടവ് ജോയി തൂഫാന്റെയും ലിഡിയയുടെയും മകനാണ്.