പാലാ: പാലാ നഗരസഭ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ. കഴിഞ്ഞ ഏഴര പതിറ്റാണ്ടായി പാലാ നഗരത്തിന്റെ സമഗ്രവികസനത്തിന്റെ കേന്ദ്രബിന്ദുവായി നിൽക്കുന്നത് നഗരസഭയാണ്. 1947 ൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജവിന്റെ ഹജൂർ കച്ചേരിയിൽ നിന്നുള്ള വിജ്ഞാപനം അനുസരിച്ചാണ് നഗരസഭ രൂപംകൊണ്ടതെങ്കിലും 1949 നവംബർ 24 മുതലാണ് പ്രവർത്തനം ആരംഭിച്ചത്. മുനിസിപ്പാലിറ്റികളുടെ ഭരണം മലയാളവർഷം 1116 ലെ 16ാം ആക്ടായ തിരുവിതാംകൂർ ഡിസ്ട്രിക്ട് മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ചായിരുന്നു. പാലാ നഗരസഭ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം 1947 ആഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങളും നോമിനേറ്റു ചെയ്യപ്പെട്ട ഒരു അനദ്യോഗസ്ഥനും രണ്ട് സർക്കാർ ഉദ്യോഗസ്ഥൻമാരും അടങ്ങുന്ന പ്രഥമ കൗൺസിലിൽ തെരഞ്ഞെടുക്കപ്പെട്ടവർ റ്റി.എ. തൊമ്മൻ, എൻ.പി. കൃഷ്ണൻ നായർ, ശങ്കരപ്പിള്ള കല്ലിൽ, ജോസഫ് ചാണ്ടി ഞാവള്ളിൽ, മൈക്കിൾ ജോസഫ് മണർകാട്ട്, കെ.റ്റി. മാത്യു കൊട്ടാരം, ഡോ. ദേവസ്യ തോമസ് പുതുമന, ജോസഫ് തുമ്പശ്ശേരി, കോര ചാണ്ടി വെള്ളരിങ്ങാട്ട്, ഡി. കുരുവിള മനയാനി എന്നിവരായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 10 പേരും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസുകാരായിരുന്നു. അക്കാലത്തെ പ്രമുഖ നേതാവായിരുന്നു ആർ.വി തോമസ്. കൗൺസിലിന്റെ പ്രഥമയോഗം 1947 സെപ്തംബർ 22ന് മീനച്ചിൽ താലൂക്ക് ഓഫീസിൽ ചേർന്നു. പ്രസിഡന്റായി ആർ.വി. തോമസിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. രാജദ്രോഹകുറ്റത്തിന് ശിക്ഷ അനുഭവിച്ചു എന്ന അയോഗ്യത ചൂണ്ടിക്കാണിച്ച് വരണാധികാരി നിർദ്ദേശം തള്ളി. 1949 ഒക്‌ടോബർ 26ന് കോട്ടയം ഡിവിഷൻ പേഷ്‌കാർ കാസിമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ ജോർജ്ജ് തോമസ് കൊട്ടുകാപ്പള്ളിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

ജനനകാലത്ത് തിരുവിതാംകൂർ രാജ്യത്തെ 22 മുനിസിപ്പാലിറ്റികളിൽ ഒന്നായി രൂപംകൊണ്ട് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനത്തെ മുനിസിപ്പാലിറ്റിയായി പാലാ പ്രവർത്തനം ആരംഭിച്ചു. 1949 ഒക്‌ടോബർ 26ന് ജോർജ്ജ് തോമസ് കൊട്ടുകാപ്പള്ളി പ്രസിഡന്റായി ഭരണഭാരമേറ്റെടുത്തു. പിന്നീട് 10 വാർഡ് 12 വാർഡുകളായി. സംവരണമുൾപ്പെടെ രണ്ട് സ്ഥാനംകൂട്ടി 14 കൗൺസിലർമാരായി. ഇപ്പോൾ 26 വാർഡും 26 കൗൺസിലർമാരുമായി ഭരണം തുടരുന്നു.

നൂറുദിന ആഘോഷപരിപാടികൾ

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നൂറുദിന ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. 22ന് വിപുലമായ ജൂബിലിയാഘോഷ പരിപാടികൾ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് തോമസ് സകൂൾ ഗ്രൗണ്ടിൽ നിന്നും ജൂബിലി ഘോഷയാത്ര ആരംഭിക്കും. ടൗൺചുറ്റിയുള്ള ഘോഷയാത്ര ടൗൺഹാളിൽ സമാപിച്ചശേഷം ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ, ജോസ് കെ. മാണി എം.പി., മാണി സി. കാപ്പൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.