പാലാ : ഇതെന്തൊരു കഷ്ടമാണ്; കോടതി വളപ്പിനോടു ചേർന്ന് പോലും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യദ്രോഹികൾ. നാടൊട്ടുക്ക് സി.സി.ടി.വി. കാമറകൾ കണ്ണു തുറന്നിരിക്കുമ്പോഴും ഒരു കൂസലുമില്ലാതെ അവർ മാലിന്യം തള്ളി. മൂന്നാനി കോടതി സമുച്ചയത്തിനോട് ചേർന്ന് വെള്ളക്കെട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്. കോടതി സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടത്തിൽ പുതിയ ഗാന്ധിസ്‌ക്വയർ നിർമ്മിക്കുന്നതിനോട് ചേർന്നാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുമ്പും ഇത്തരത്തിൽ മാലിന്യം തള്ളിയതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും ഈച്ച ശല്യവുമാണ്. മാലിന്യം തള്ളിയതിന് സമീപം ചെറിയ തോടും ഒഴുകുന്നുണ്ട്.
മാലിന്യങ്ങൾ തോട്ടിലെ വെള്ളത്തിൽ കലർന്ന് മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന അവസ്ഥയുണ്ട്. നൂറുകണക്കിന് കുടിവെള്ളപദ്ധതികളാണ് മീനച്ചിലാറ്റിലെ ശുദ്ധജലത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. ഇവിടെയെല്ലാം മലിനമാക്കുന്ന അവസ്ഥയാണിപ്പോൾ.
എല്ലാം രാത്രിയുടെ മറവിൽ
രാത്രിയുടെ മറവിലാണ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഈ ഭാഗങ്ങളിൽ പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.