വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ചടങ്ങുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ നാളെ ഏറ്റുവാങ്ങും. രാവിലെ 9ന് കാലാക്കൽ ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ശേഷമാണ് ഉടവാൾ കൈമാറുന്നത്. ഏറ്റുവാങ്ങിയ ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലെത്തിക്കും. വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ക്ഷേത്രമതിൽക്കകം വിട്ട് പുറത്തുപോകുന്ന അവസരത്തിൽ കാലാക്കൽ ക്ഷേത്രത്തിലെ ഉടവാളുമായി ഒരാൾ അകമ്പടി സേവിക്കണമെന്നാണ് ആചാരം. എട്ട്, ഒൻപത് ഉത്സവ ദിവസങ്ങളിലെ വിളക്കെഴുന്നള്ളിപ്പ്, വടക്കും ചേരിമേൽ, തെക്കും ചേരിമേൽ എഴുന്നള്ളിപ്പുകളും ക്ഷേത്രം വിട്ടു പുറത്തുപോകുന്നുണ്ട്. അഷ്ടമി ഉത്സവത്തിന്റെ ആറാട്ട് ഇരുമ്പൂഴിക്കരയിലുള്ള ആറാട്ടു കുളത്തിലാണ് നടക്കുക. ശ്രീപരമേശ്വരന്റെ പരിവാരങ്ങളിൽ ശ്രേഷ്ഠനായ നന്ദികേശനാണ് കാലാക്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ് കാലാക്കൽ ക്ഷേത്രം.
വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്
മഹാദേവ ക്ഷേത്രത്തിലെ വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് 14ന് പുലർച്ചെ 5ന് നടക്കും .എട്ടാം ഉത്സവ ദിനമായ 13ന് നടക്കേണ്ട വിളക്കെഴുന്നള്ളിപ്പാണ് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്'. ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് 3 പ്രാവിശ്യം ശംഖ് കമഴ്ത്തി പിടിച്ച് വിളിച്ച ശേഷം തിരിച്ചെഴുന്നള്ളും. ആചാരപ്രകാരം കൂട്ടുമ്മേൽ ക്ഷേത്രത്തിലും പടിഞ്ഞാറ്റും ചേരി കൊട്ടാരത്തിലും ചെമ്പ് ദേശത്തിലും ഇറക്കിപൂജയും നിവേദ്യവുമുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലത്തിന് തെക്കു ഭാഗത്തു കുടികൊള്ളുന്ന പനച്ചിക്കൽ ഭഗവതിയുമായുള്ള ബന്ധമാണ് തെക്കും ചേരീമേൽ വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് സൂചിപ്പിക്കുന്നത്
സംഗീതപ്രിയനായ നടരാജ മൂർത്തി എട്ടം ഉത്സവനാളിൽ നടക്കുന്ന കഥകളി സംഗീതം ആസ്വദിച്ചാണ് വടക്കും ചേരിമേൽ എഴുന്നള്ളിപ്പിന് പുറപ്പെടുന്നതെന്നും വിശ്വാസമുണ്ട്.
വടക്കും ചേരീമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പുറത്തുപോയതിന് ശേഷമാണ് വൈക്കം ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനം.
ജയറാമിന്റെ പഞ്ചാരി മേളം ഇന്ന്
വൈക്കത്തഷ്ടമി എഴാം ഉത്സവ ദിനമായ ഇന്ന് നടൻ ജയറാമിന്റെ പഞ്ചാരിമേളം ക്ഷേത്ര സന്നിധിയിൽ അരങ്ങേറും.150 കലാകാരൻമാരുമായി നടത്തുന്ന മേളം 11ന് കൊടിമരച്ചുവട്ടിലെ ആനപ്പന്തലിൽ തുടങ്ങും. സമാപനവും കൊടിമരച്ചുവട്ടിലാണ്.
ശ്രീബലി രാവിലെ 8ന്
വൈക്കത്തഷ്ടമി ഏഴാം ഉത്സവദിവസമായ ഇന്ന് രാവിലെ 8ന് നടക്കുന്ന ശ്രീബലിയെഴുന്നള്ളിപ്പിന് ഗജവീരൻ കുന്നത്തൂർ രാമു വൈക്കത്തപ്പന്റെ തിടമ്പേറ്റും. ഗജവീരൻമാരായ മുണ്ടക്കൽ ശിവനന്ദൻ, കണ്ടിയുർ പ്രേംശങ്കർ, തിരുനക്കര ശിവൻ, വേമ്പനാട് അർജുനൻ, ആദിനാട് സുധിഷ്, പന്മന ശരവണൻ എന്നിവർ അകമ്പടിയാകും. എഴുന്നള്ളിക്കുന്ന ഗജവീരന് സ്വർണ്ണക്കുടയും സ്വർണ്ണ നെറ്റിപട്ടവും ഉപയോഗിക്കും. വൈക്കം ഷാജിയും വൈക്കം സുമോദും അവതരിപ്പിക്കുന്ന നാദസ്വരവും കാവാലം ബി.ശ്രീകുമാറും ചെറായി മനോജും അവതരിപ്പിക്കുന്ന തകിലും അകമ്പടിയാകും.
ദേവസ്വം പ്രാതൽ ഇന്നു മുതൽ
അഷ്ടമിയുടെ എഴാം ഉത്സവ ദിനമായ ഇന്ന് ദേവസ്വം പ്രാതൽ ആരംഭിക്കും. വർഷത്തിൽ എല്ലാ ദിവസവും ഭക്തർക്കായി ക്ഷേത്രത്തിൽ പ്രാതൽ വിളമ്പുന്നുണ്ട്. വിഭവസമൃദ്ധമായ സദ്യയാണ് എന്നുമുണ്ടാവുക. ഭക്തർ വഴിപാടായി നടത്തുന്നതാണിത്. അഷ്ടമി എഴാം ഉത്സവം മുതൽ പന്ത്റണ്ടാം ഉത്സവം വരെ ദേവസ്വം ബോർഡ് നേരിട്ടാണ് പ്രാതൽ നടത്തുന്നത്. ഇന്ന് 21 പറയും എട്ടാം ഉത്സവ നാളിൽ 25 പറയും ഒൻപതാം ദിവസം 30 പറയും പത്താം ഉത്സവം 35 പറയും പതിനൊന്നം ഉത്സവത്തിന് 40 പറയും അഷ്ടമിനാളിൽ 121 പറയുടെ പ്രാതലുമാണ് ഒരുക്കുന്നത്.
താലപ്പൊലികൾ
ഏഴാം ഉത്സവനാളിൽ വണിക വൈശ്യസംഘത്തിന്റെയും ധീവരസഭയുടെയും താലിപ്പാലികൾ ക്ഷേത്രത്തിലെത്തി താലം സമർപ്പിക്കും. വൈകിട്ട് 6നാണ് ചടങ്ങ്.
പഞ്ചവാദ്യം
എട്ടാം ഉത്സവ ദിവസം വൈകിട്ട് 5ന് നടക്കുന്ന കാഴ്ചശ്രീബലക്ക് ചോറ്റാനിക്കര വിജയൻ മാരാരുടെയും കുനിശ്ശേരി ചന്ദ്രൻ മാരാരുടെയും നേതൃത്വത്തിൽ 70 ൽ പരം കലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും.
കളിത്തട്ടുണരും
വൈക്കത്തഷ്ടമിയുടെ എട്ടാം ഉത്സവനാളിൽ ക്ഷേത്രത്തിലെ കളിവിളക്ക് തെളിയും. രാത്രി 10ന് നരകാസുര വധവും കിരാതവുമാണ് അരങ്ങേറുന്നത് .
വൈക്കം കലാശക്തി അവതരിപ്പിക്കുന്ന കഥകളിയിൽ കലാമണ്ഡലം ഹരി ആർ.നായർ, ഫാക്ട് ബിജു ഭാസ്‌കർ പള്ളിപ്പുറം സുനിൽ കുമാർ , സദനം കൃഷ്ണൻ കുട്ടി , പള്ളിപ്പുറം ജയശങ്കർ, ആർ എൽ വി അനന്തു മണി, കലാമണ്ഡലം ശശീന്ദ്രൻ , വെച്ചൂർ ഗിരിഷ്, മനോജ്.എം കമ്മത്ത് ,ഗോപിക.ജി നായർ, ആർ.എൽ.വി.ഗോപി, രഘുനാഥ്, കലാശക്തി മണികണ്ഠൻ എന്നിവരാണ് വേഷമിടുന്നത്.
ഋഷഭ വാഹന എഴുന്നള്ളിപ്പ് ഇന്ന്
വൈക്കത്തഷ്മിയുടെ ഏറ്റവും ആകർഷകമായ ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് ഇന്ന് രാത്രി 11 ന് നടക്കും. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തങ്ക തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ,പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലംകരിച്ച് അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ 40ഓളം മൂസതുമാർ തണ്ടിലേറ്റി പ്രദക്ഷിണം വയ്ക്കും.
മഹാദേവ ക്ഷേത്രത്തിൽ ഇന്ന് ഏഴാം ഉത്സവം
5ന് പാരായണം
5.20ന് നാരായണീയ പാരായണം
6.40ന് സാമ്പ്രദായിക് ഭജൻസ്
7.40ന് നാരായണീയ പാരായണം
8ന് ശ്രീബലി
11ന് പഞ്ചാരിമേളം
11ന് തിരുവാതിരകളി
11.30ന് ഭക്തിഗാനസുധ
1.30ന് ഭക്തിഗാനമേള
2.30ന് തിരുവാതിരകളി
3.30ന് ഭക്തിഭജൻസ്
5ന് കാഴ്ചശ്രീബലി
6ന് പൂത്താലം, നൃത്തനൃത്ത്യങ്ങൾ
7ന് നൃത്തസന്ധ്യ
8ന് നൃത്തനൃത്ത്യങ്ങൾ
9.30ന് സംഗീതസദസ്സ്
11ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്
1ന് വെടിക്കെട്ട്