പഴയ പനക്കച്ചിറ പാലം: സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകിമാറി

മുണ്ടക്കയം: സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകി മാറിയിരിക്കുന്നു. ഇനിയൊരു പ്രളയമുണ്ടായാൽ എന്താകും പാലത്തിന്റെ അവസ്ഥ. യാത്രക്കാരുടെ സുരക്ഷ തന്നെ ചോദ്യചിഹ്നമാകും... മുണ്ടക്കയം കോരുത്തോട് റൂട്ടിലെ പഴയ പനക്കച്ചിറ പാലത്തിന്റെ കാര്യത്തിൽ ആശങ്ക ഉയരുകയാണ്. ഒരുവശത്തെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകി മാറിയത് പാലത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറുകയാണ്. വർഷങ്ങൾ പഴക്കമുള്ള പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രളയകാലത്തെ ശക്തമായ ഒഴുക്കിനെ തുടർന്നാണ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകൾ ഇളകിത്തുടങ്ങിയത്. ശബരിമല പാതയായ കോരുത്തോട് റൂട്ടിലെ പ്രധാന പാലമാണിത്. കാലപ്പഴക്കത്താൽ പാലത്തിന്റെ കൈവരികളും നശിച്ചു തുടങ്ങിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നാൽ വീണ്ടും കല്ലുകൾ ഇളകി മാറാനും പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴാനും സാധ്യത ഏറെയാണ്. കോരുത്തോട് പഞ്ചായത്തിലെ മന്നം പാലവും പഴയ പനക്കച്ചിറ പാലവും പൊളിച്ചു നീക്കി പുതിയത് നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മുൻപ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ പദ്ധതികളൊന്നും നടപ്പായില്ല.

ഇനി തിരക്കേറും

ശബരിമല സീസണിൽ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലത്തിന്റെ ബലക്ഷയം സംഭവിച്ചാൽ ഈ റൂട്ടിലെ ഗതാഗതം തന്നെ മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഈ സാഹചര്യത്തിൽ പാലത്തിന്റെ നിർമ്മാണം നടത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.