പാലാ: ശബരിമല തീർത്ഥാടകരെ സഹായിക്കുന്നതിനായി കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രം ഭരണസമിതി തയാറാക്കുന്ന മണ്ഡലമകരവിളക്ക് തീർത്ഥാടന സമാരംഭ പരിപാടിയായ വിശ്വമോഹനം പദ്ധതിയുടെ ഉദ്ഘാടനം 14ന് നടക്കുമെന്ന് ഭാരവാഹികളായ സി.പി ചന്ദ്രൻ നായർ, വേണുഗോപാൽ വണ്ടാനത്ത്, ഗോപാലകൃഷ്ണൻ നായർ പുതിയവീട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായി മാറിയ കടപ്പാട്ടൂർ ക്ഷേത്രം അയ്യപ്പഭക്തർക്കായി എല്ലാവിധ സൗകര്യങ്ങളും തികച്ചും സൗജന്യമായി ഇത്തവണയും ഏർപ്പെടുത്തുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

വിശ്വമോഹനം പരിപാടിയുടെ ഉദ്ഘാടനം 14 ന് രാവിലെ 9.30ന് ശബരിമല മുൻ മേൽശാന്തി വി.കെ ജയരാജ് പോറ്റി, ഭാഗവതാചാര്യൻ പുത്തില്ലം മധുനാരായണൻ നമ്പൂതിരി, സാമവേദ പണ്ഡിതൻ തോട്ടം ശിവകരൻ നമ്പൂതിരി, കോട്ടയം ജില്ലാ കളക്ടർ പി.കെ. ജയശ്രീ എന്നിവർ ചേർന്ന് നിർവഹിക്കും. ഭക്തജനങ്ങൾക്കായി രണ്ടുനേരം തത്വമസി എന്ന പദ്ധതിയിലൂടെ അന്നദാനവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അരവണയും അപ്പവും ആടിയ എണ്ണയും 24 മണിക്കൂറും ഭക്തർക്ക് വഴിപാട് കൗണ്ടർ വഴി വിതരണം ചെയ്യും. ക്ഷേത്രത്തിൽ ദീപാരാധന, ചുറ്റുവിളക്ക്, ചന്ദനം ചാർത്ത് എന്നീ വഴിപാടുകളും നടക്കും.