ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട മാടപ്പള്ളി, വാഴപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്ത് , ചങ്ങനാശേരി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ കർഷകർക്ക് കൃഷിയിടാധിഷ്ഠിത ആസൂത്രണം ഫാം പ്ലാൻ മോഡൽ കൃഷി തോട്ടങ്ങൾ പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ കൃഷിഭവനിൽ സമർപ്പിക്കാം. കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയിലെയും ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫാം പ്ലാൻ തയാറാക്കി നൽകും. ശാസ്ത്രീയ കൃഷി രീതി അവലംബിച്ച് കാർഷിക വരുമാനം വർദ്ധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. ഒരു പഞ്ചായത്തിൽ നിന്ന് 10 കർഷകരെയാണ് തിരഞ്ഞെടുക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ സാങ്കേതിക വിദ്യാ പരിശീലനങ്ങളിൽ പങ്കെടുക്കുകയും അതനുസരിച്ച് കൃഷിയിടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നടത്തുകയും കർഷക കൂട്ടായ്മ രൂപീകരിച്ച് കാർഷിക മേഖലയുടെ ഉന്നതിക്കുവേണ്ടി കൃഷിഭവനുമായി സഹകരിച്ച് പ്രവർത്തിക്കണം. 10 സെന്റ് മുതൽ രണ്ട് ഏക്കർ വരെ സ്വന്തമായി കൃഷിഭൂമി ഉള്ളവർക്കും പുതുതായി കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാം. അപേക്ഷ കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 2022, 2023 വർഷം കരം അടച്ച രസീതിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. അപേക്ഷകൾ 19 വരെ കൃഷിഭവനിൽ സ്വീകരിക്കും.