പാലാ: പാലാ നഗരസഭ രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയായതിനോടനുബന്ധിച്ച് വിപുലമായ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തുന്നതിന് സ്വാഗതസംഘം യോഗം തീരുമാനിച്ചു.
22നാണ് ആഘോഷപരിപാടികൾ നടക്കുന്നത്. സെമിനാർ, സംസ്‌കാരിക റാലി, സമ്മേളനം, ചിത്രപ്രദർശനം എന്നിവ നടക്കും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
മുൻമുനിസിപ്പൽ കമ്മീഷണർകൂടിയായ രവി പാലായുടെ ഫോട്ടോ ശേഖരത്തിൽനിന്നുള്ള അപൂർവ ഫോട്ടോകളുടെ പ്രദർശനം പാലായുടെ ചരിത്രത്തിന്റെ നേർക്കാഴ്ച കൂടിയാകും. സാംസ്‌കാരിക റാലിയിൽ ടാബ്ലോ, ജനമൈത്രി പൊലീസ്, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, എൻ.സി.സി., സ്‌കൗട്ട്, കുടുംബശ്രീ, തൊഴിലുറപ്പ് വനിതകൾ, വ്യാപാരികൾ, രാഷ്ട്രീയ നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ അണിചേരും. റാലി പാലാ ടൗൺ ചുറ്റിയശേഷം ടൗൺഹാളിലാണ് സാംസ്‌കാരിക സമ്മേളനം. സമ്മേളനത്തിന് ശേഷം ആർ.വി. പാർക്കിൽ ഡി.ജെയും അരങ്ങേറും.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. രവി പാലാ, ഡോ. രാജു ഡി. കൃഷ്ണപുരം, ബിനീഷ് ചൂണ്ടച്ചേരി, ലീന സണ്ണി, പി.എം ജോസഫ്, സിബി ജോസഫ്, ബെന്നി മൈലാടൂർ, ടോബിൻ കെ. അലക്‌സ്, ജോസുകുട്ടി പൂവേലിൽ, ഷാർളി മാത്യു, ബോബൻ മാത്യു, അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രൊഫ. സതീശ് ചൊള്ളാനി, ബൈജു കൊല്ലംപറമ്പിൽ, സിജി പ്രസാദ്, ബിന്ദു മനു, വി.സി. പ്രിൻസ്, നീന ചെറുവള്ളിൽ, ബിജി ജോജോ തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനറായി ആന്റോ ജോസ് പടിഞ്ഞാറെക്കരയേയും ജോയിന്റ് കൺവീനറായി സിജി പ്രസാദിനെയും വൈസ് ചെയർമാൻമാരായി പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ.ബിനു പുളിക്കക്കണ്ടം എന്നിവരെയും കോഓർഡിനേറ്ററായി ബിജു പാലുപ്പടവനെയും തെരഞ്ഞടുത്തു.101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
സ്വാഗതസംഘം രൂപീകരണം: ഇറങ്ങിപ്പോകുന്നതിലും തമ്മിലടിച്ച് പ്രതിപക്ഷം
പാലാ: നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ മുന്നൊരുക്കം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തില്ലെന്ന് ആരോപിച്ച് ഇന്നലെ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫിന്റെ തീരുമാനത്തിലും തമ്മിലടി. സ്വാഗതസംഘം രൂപീകരണ യോഗം ബഹിഷ്‌കരിക്കാൻ യു.ഡി.എഫിലെ ഭൂരിപക്ഷം കൗൺസിലർമാരും ചേർന്ന് തീരുമാനമെടുത്തിരുന്നു.
പ്രതിപക്ഷത്തെ ജിമ്മി ജോസഫാണ് കൗൺസിലിൽ തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ് ആദ്യം ഇറങ്ങിപ്പോയത്. പിന്നീട് പ്രതിപക്ഷത്തെ സിജി ടോണിയും, ലിജി ബിജുവും ജോസ് ഇടേട്ടും ഇറങ്ങിപ്പോയി. അൽപം കാത്തുനിന്ന ശേഷം മായ രാഹുലും പുറത്തേക്കുപോയി. അപ്പോഴും പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും വി.സി. പ്രിൻസും ലിസിക്കുട്ടി മാത്യുവും ആനി ബിജോയിയും അവിടെത്തന്നെ ഇരുന്നു. പ്രൊഫ. സതീശ് ചൊള്ളാനിയുടെ നിർബന്ധത്തെ തുടർന്ന് വി.സി. പ്രിൻസുംകൂടി ചേർന്ന് ഹാളിന് പുറത്തേക്ക് പോയെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ പ്രിൻസ് തിരികെയെത്തി. കോൺഗ്രസിലെ ആനി ബിജോയിയും ലിസിക്കുട്ടി മാത്യുവും സീറ്റിൽ നിന്ന് എഴുന്നേറ്റതേയില്ല. പലപ്പോഴും പ്രകടിപ്പിക്കാറുള്ള നഗരഭരണസമിതിയിലെ പ്രതിപക്ഷ അനൈക്യം സ്വാഗതസംഘം രൂപീകരണയോഗത്തിലും മറ നീക്കി പുറത്തുവന്നു.
യോഗം തുടങ്ങുംമുമ്പേ 9 അംഗ പ്രതിപക്ഷ കൗൺസിലർമാരിൽ 5 പേർ യോഗം ബഹിഷ്‌കരിക്കണമെന്നും 4 പേർ വേണ്ടയെന്നും തീരുമാനമെടുത്തിരുന്നു. പിന്നീട് ഭൂരിപക്ഷ തീരുമാനം നടക്കട്ടെയെന്ന് പ്രതിപക്ഷാംഗങ്ങളെ പ്രൊഫ. സതീശ് ചൊള്ളാനി അറിയിച്ചു. ഇതുപക്ഷേ പ്രാവർത്തികമാകാതെ പോകുകയായിരുന്നു. ആദ്യം യോഗത്തിൽ നിന്ന് പുറത്തുപോയ വി.സി. പ്രിൻസ് പിന്നീട് യോഗത്തിൽ എത്തുകയും 75ാം വാർഷികാഘോഷ ഭാഗമായി വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ താൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു.