കോട്ടയം : മുക്കുപണ്ടം പണയംവച്ച് പണം 31 ലക്ഷം രൂപ തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരൻ പിടിയിൽ. മുണ്ടക്കയം ചരലേയിൽ വീട്ടിൽ ശ്രീകാന്ത് (38) ആണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളിയിലുള്ള യൂണിയൻ ബാങ്കിൽ ഗോൾഡ് അപ്രൈസറായി ജോലി ചെയ്യുകയായിരുന്നു. ബാങ്കിലെ കസ്റ്റമേഴ്‌സായ 13 പേരുടെ പേരിലാണ് മുക്കുപണ്ടം പണയംവച്ചത്. ബാങ്കിന്റെ റീജിയണൽ ഓഫീസിൽ നിന്ന് മാനേജരും മറ്റൊരു അപ്രൈസറും എത്തി ബാങ്കിലെ സ്വർണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് ഇവർ
പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം ചീട്ടുകളിക്കായി ചെലവഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി.കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.